
ഡാലസ്: ലോകകപ്പിലെ ഗ്രൂപ്പ് ജെയില്‍ ജോര്‍ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന. മത്സരത്തിന്റെ 19-ാംമിനിട്ടില്‍ ജിയോവാനി ലോസെല്‍സോയുടെ ഫ്രീകിക്കിലൂടെയാണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 31-ാംമിനിട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാര്‍ട്ടിനെസ് രണ്ടാമത്തെ ഗോള്‍ നേടി ലീഡ് ഉയര്‍ത്തി.
പിന്നീട് 55-ാം മിനിറ്റില്‍ മുസാ അല്‍ തമരിയിലൂടെ ജോര്‍ദാന്‍ ഒരു ഗോള്‍ മടക്കി ആശ്വാസം കണ്ടെത്തിയെങ്കിലും പിന്നീട് കളിയില്‍ പൂര്‍ണ ആധിപത്യം അര്‍ജന്റീനയ്ക്കായിരുന്നു. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന് പകരക്കാരനായി കളത്തിലിറങ്ങിയ ഇതിഹാസതാരം ലയണല്‍ മെസി 80-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ അര്‍ജന്റീനയ്ക്കായി മൂന്നാം ഗോള്‍ നേടി.
ഈ ലോകകപ്പിലെ മെസിയുടെ ആറാമത്തെ ഗോളാണിത്. തുടര്‍ച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇതോടെ മെസി സ്വന്തമാക്കി. ജോര്‍ദാനെതിരായ അനായാസ ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം അര്‍ജന്റീന വിജയകരമായി പൂര്‍ത്തിയാക്കി.