ചാവക്കാട്: തൃശ്ശൂര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ മൂന്നിടങ്ങളില്‍നിന്നായി 308 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. രണ്ടു യുവതികളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച വാണിയമ്പാറയില്‍ വാഹനപരിശോധനയില്‍ രണ്ടുഗ്രാം എം.ഡി.എം.എ. പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം.ഡാന്‍സാഫ് സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ വിജിത്തും സംഘവും പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവരോടൊപ്പം നടത്തിയ വാഹനപരിശോധനയില്‍ രണ്ട് ഗ്രാം എം.ഡി.എം.എ. പിടികൂടി. പാലക്കാട് മുതലമടയിലെ റിസോര്‍ട്ടില്‍നിന്ന് തൃശ്ശൂരിലേക്ക് കാറില്‍ യാത്രചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലൂരയില്‍വീട്ടില്‍ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28), അകതിയൂര്‍ നമ്പഴിക്കാട് സ്വദേശി മരക്കാത്ത് വീട്ടില്‍ ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശി ചെമ്പില്‍വീട്ടില്‍ ശ്രീലക്ഷ്മി (20) എന്നിവരെ ദേഹപരിശോധന നടത്തിയാണ് എം.ഡി.എം.എ. കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ പാവറട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബണ്ട് റോഡിന് സമീപമുള്ള ഷിഫാസിന്റെ വീടിന് സമീപം നടത്തിയ പരിശോധനയില്‍ 18 ഗ്രാം എം.ഡി.എം.എ. കൂടി കണ്ടെടുത്തു. എന്നാല്‍, റെയ്ഡിനുമുമ്പ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് സ്ഥലത്തുനിന്ന് എം.ഡി.എം.എ. മാറ്റിയതായി വ്യക്തമായി.തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നു പുതിയ സൂചനകള്‍ ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഡാന്‍സാഫ് ടീം കുന്നംകുളം സ്‌ക്വാഡുമായി ഏകോപിപ്പിച്ച് ഗുരുവായൂര്‍ പഞ്ചാരമുക്കിലെവഅലൂമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ഷോപ്പില്‍ റെയ്ഡ് നടത്തി. ഇവിടെനിന്ന് 288 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
എളവള്ളി ജാനകിപ്പടി സ്വദേശി തെപ്പുറത്ത് വീട്ടില്‍ ടി.ടി. സുമേഷ് (25), ചാവക്കാട് അങ്ങാടിത്താഴം സ്വദേശികളായ പുതുവീട്ടില്‍ ഷെബീര്‍ (34), കല്ലൂരയില്‍ വീട്ടില്‍ അന്‍ഷാദ് (31) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. വര്‍ക്ഷോപ്പില്‍ ഇവരാണ് ലഹരി ഒളിപ്പിച്ചുവെച്ചതെന്ന് പോലീസ് പറഞ്ഞു.കൂടുതല്‍ അന്വേഷണത്തിനായി സുമേഷിനെ പീച്ചി പോലീസിന് കൈമാറി. കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ് പറഞ്ഞു.
തൃശ്ശൂര്‍ നഗരത്തില്‍ വന്‍ ലഹരിവേട്ട; 308 ഗ്രാം എംഡിഎംഎ പിടികൂടി, സ്ത്രീകളടക്കം ഏഴുപേര്‍ പിടിയില്‍