പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. സ്ഫോടനത്തില്‍ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു.കറാച്ചിയിലെ പാരാമിലിട്ടറി സേനയായ സിന്ധ് റേഞ്ചേഴ്സിന്റെ ആസ്ഥാനത്തിന് നേരെയാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടാകുന്നത്. ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റില്‍ അക്രമികള്‍ സ്ഫോടനം നടത്തുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പാക് കാലാവസ്ഥാ വകുപ്പ് ആസ്ഥാനവും പ്രമുഖ സര്‍വകലാശാലകളും സ്ഥിതി ചെയ്യുന്ന ഗുലിസ്താന്‍-ഇ-ജൗഹറിലെ പ്രധാന റോഡിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന് പിന്നാലെ റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സസ്, പൊലീസ് കമാന്‍ഡോകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ വന്‍ സുരക്ഷാ സന്നാഹം സ്ഥലത്തെത്തി. പ്രദേശത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായാണ് സിന്ധ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജാവേദ് ആലം ഓധോയുടെ സ്ഥിരീകരണം.ഭീകരസംഘടനയായ ജമാഅത്തുല്‍-അഹ്റാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ ആവശ്യപ്പെട്ടതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *