കോയമ്പത്തൂര്‍: ദക്ഷിണേന്ത്യയിലെ പ്രധാന ഉത്പാദനകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയ്ക്ക് റെക്കോഡ് വിലയായി. വെള്ളിയാഴ്ച മുട്ടയ്ക്ക് 6.45 രൂപയാണ് വില. നാമക്കലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണിതെന്ന് നാഷണല്‍ എഗ് കോഡിനേഷന്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം 5.40 രൂപയായിരുന്നു.
2025 ഡിസംബറില്‍ 6.40 രൂപയായതാണ് ഇതുവരെയുള്ളതിലെ ഉയര്‍ന്ന വില. പിന്നീട് വില കുത്തനെ കുറയാന്‍ തുടങ്ങിയെങ്കിലും ജൂണ്‍ അഞ്ചു മുതല്‍ വില കൂടാന്‍ തുടങ്ങി. ദിവസവും ചുരുങ്ങിയത് അഞ്ചു പൈസ വീതം കൂടുകയാണ്. ജൂണ്‍ 12-ന് വില ആറുരൂപയിലെത്തി. തൊട്ടടുത്ത മൂന്നുദിവസവും മുട്ടയ്ക്ക് പത്തുപൈസ വീതം കൂടി. ബുധനാഴ്ച വില 6.40 രൂപയിലെത്തി. വെള്ളിയാഴ്ചയാണ് 6.45 ആയത്.
കടകളില്‍ ചില്ലറ വില്‍പ്പന വില പലയിടത്തും എട്ടുരൂപ വരെയായി. രാജ്യത്തൊട്ടാകെ മുട്ടയ്ക്ക് ആവശ്യം കൂടിയതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമെന്ന് തമിഴ്നാട് പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ മൊത്തവില ഏഴു രൂപയാകുമെന്നാണ് പറയുന്നത്.
ദിവസം ശരാശരി ഏഴ് കോടി മുട്ടകളാണ് നാമക്കല്‍ മേഖലയില്‍ ഉത്പാദിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ദിവസം ഒരു കോടി മുട്ടകള്‍ കയറ്റി അയച്ചിരുന്നെങ്കിലും യുദ്ധം കാരണം 25 ലക്ഷം മാത്രമാണ് പോകുന്നത്. ശേഷിക്കുന്നവ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയുണ്ടായിട്ടില്ല.
തമിഴ്നാടിന് പുറമെ കേരളം, കര്‍ണാടകം, പുതുച്ചേരി സംസ്ഥാനങ്ങളും നാമക്കലില്‍ നിന്നുള്ള മുട്ടയാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്.