നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന നിയന്ത്രണം, ഇവ കൈവശം കരുതരുത്!

 

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും പേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) നാളെ (ജൂണ്‍ 21) വീണ്ടും നടക്കുമ്പോള്‍ പരീക്ഷാ ഹാളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നാളത്തെ പരീക്ഷയ്ക്ക് എത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കൈവശം കരുതാന്‍ പാടില്ലാത്ത സാധനങ്ങളുടെ കൃത്യമായ പട്ടിക എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്.
മേയ് 3-ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് സിബിഐ അന്വേഷണം ശക്തമാക്കുകയും ഇതുവരെ ഡല്‍ഹി, ജയ്പുര്‍, ലാത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നായി 13 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തവണ പരിശോധനകള്‍ കൂടുതല്‍ കടുപ്പിക്കുന്നത്.
പരീക്ഷാ ഹാളില്‍ ഈ സാധനങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്ക്
ഉദ്യോഗാര്‍ത്ഥികള്‍ താഴെ പറയുന്ന വസ്തുക്കള്‍ യാതൊരു കാരണവശാലും പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുവരാന്‍ പാടുള്ളതല്ല:
• ഇലക്ട്രോണിക് ഉപകരണങ്ങള്‍: മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍, ഇയര്‍ഫോണുകള്‍, മൈക്രോഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെല്‍ത്ത് ബാന്‍ഡുകള്‍, കാല്‍ക്കുലേറ്റര്‍, പേജറുകള്‍, ക്യാമറകള്‍.
• സ്റ്റേഷനറി സാധനങ്ങള്‍: സ്വന്തമായി പേന, പെന്‍സില്‍, പെന്‍സില്‍ ബോക്‌സുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, റൈറ്റിങ് പാഡുകള്‍, ലോഗ് ടേബിളുകള്‍, പുസ്തകങ്ങള്‍.
• വ്യക്തിഗത വസ്തുക്കള്‍: വാലറ്റുകള്‍, ഗോഗിള്‍സ് (സണ്‍ഗ്ലാസുകള്‍), ഹാന്‍ഡ്ബാഗുകള്‍, ബെല്‍റ്റുകള്‍, തൊപ്പികള്‍.
• ആഭരണങ്ങള്‍: സ്വര്‍ണ്ണാഭരണങ്ങള്‍, കമ്മലുകള്‍, മാലകള്‍, വളകള്‍, മോതിരങ്ങള്‍ തുടങ്ങിയ എല്ലാവിധ ലോഹ ആഭരണങ്ങളും ഒഴിവാക്കണം.
• ഭക്ഷണസാധനങ്ങള്‍: കുപ്പിവെള്ളം, ചായ, കാപ്പി, സ്‌നാക്ക്‌സ്, മിഠായികള്‍ എന്നിവ അനുവദിക്കില്ല. (പ്രമേഹ രോഗികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അനുമതിയോടെ ചില നിയന്ത്രണങ്ങളോടെ ഭക്ഷണവും സുതാര്യമായ കുപ്പിവെള്ളവും കരുതാം).
പ്രധാന അറിയിപ്പ്: പരീക്ഷാ കേന്ദ്രങ്ങളില്‍ ഇത്തരം നിരോധിത സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം സൗകര്യം എന്‍ടിഎ ഉറപ്പുനല്‍കുന്നില്ല. അതിനാല്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് നഷ്ടപ്പെടാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിക്കുക.
പരീക്ഷാ സമയത്തിലും ലേഔട്ടിലും മാറ്റം
ഇത്തവണ പരീക്ഷാ സമയത്തില്‍ 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന 180 മിനിറ്റിന് പകരം ഇനി മുതല്‍ 195 മിനിറ്റ് (3 മണിക്കൂര്‍ 15 മിനിറ്റ്) സമയമാണ് ലഭിക്കുക. റഫ് വര്‍ക്കിനുള്ള പേജുകള്‍ രണ്ടില്‍ നിന്നും നാലായി ഉയര്‍ത്തിയിട്ടുണ്ട്. ഇടംകയ്യരായ വിദ്യാര്‍ത്ഥികളുടെ സൗകര്യം കൂടി പരിഗണിച്ചാണ് ചോദ്യപ്പേപ്പറിന്റെ തുടക്കത്തിലും അവസാനത്തിലുമായി പേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
അഡ്മിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ സൗജന്യ ബസ് യാത്ര
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒഡീഷ, ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശില്‍ എന്നീ സംസ്ഥാനങ്ങളില്‍ സൗജന്യ ബസ് യാത്ര അനുവദിച്ചിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് കാണിച്ചാല്‍ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം.
ഗേറ്റ് അടയ്ക്കുന്ന സമയത്തിന് മുന്‍പായി തന്നെ അഡ്മിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് മുതലായവ) എന്നിവയുമായി പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വൈകിയെത്തുന്നവരെ യാതൊരു കാരണവശാലും പ്രവേശിപ്പിക്കില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *