കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ വകുപ്പ് സെക്രട്ടറി കെ ബിജുവിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ കോടതിയെ അവഹേളിച്ച് പ്രോസിക്യൂഷൻ ഉത്തരവിറക്കിയതിന് ബിജുവിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ കേസെടുത്തു. എന്ത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയതെന്ന് വെള്ളിയാഴ്‌ച നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി വിമർശിച്ചു. ഏകദേശം 25 മിനിട്ടോളം കോടതി, ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തി. പ്രതികൾ എഴുതിക്കൊടുത്ത കാര്യങ്ങൾ അതേപടി ജിഒ നമ്പറിട്ട് ഉത്തരവായി ഇറക്കുകയായിരുന്നോ എന്ന സംശയവും കോടതി എടുത്തുപറഞ്ഞു. ഇയാൾ ഇപ്പോഴും സർവീസിൽ തുടരുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥൻ നടത്തിയത് അതീവ ഗൗരവകരമായ തെറ്റാണെന്നും ഇയാൾക്കെതിരെ ഒരുതരത്തിലുമുള്ള വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നുംകോടതി വ്യക്തമാക്കി.
പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് പ്രതികൾക്ക് ലഭിച്ചതിലും കോടതി രൂക്ഷമായി വിമർശിച്ചു. മുഖ്യപ്രതി ആർ ചന്ദ്രശേഖരൻ വാർത്താസമ്മേളനം നടത്തി ഈ ഉത്തരവിൽ കോടതിക്കെതിരെയുള്ള ഭാഗങ്ങൾ വായിച്ചത് ഗൗരവകരമായ കോടതി അലക്ഷ്യമായിട്ടാണ് കാണുന്നത്. പ്രതികളെ സഹായിക്കാൻ വേണ്ടിയാണോ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് സംശയിക്കുന്നതായും കോടതി വ്യക്തമാക്കി. കോടതി നിർബന്ധിച്ചതിനാൽ സമയം കിട്ടിയില്ലെന്ന ബിജുവിന്റെ ആദ്യ ഉത്തരവിലെ വിശദീകരണവും കോടതി പരിഹസിച്ചു. അഞ്ച് ദിവസം മുമ്പ് സമയം കിട്ടാതിരുന്ന ഉദ്യോഗസ്ഥന് ഇപ്പോൾ തിരുത്തിയ ഉത്തരവ് ഇറക്കാൻ എങ്ങനെ വേഗം സമയം ലഭിച്ചുവെന്നും കോടതി ചോദിച്ചു.