കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലെത്തിയ മുഖ്യമന്ത്രി, അവിടെനിന്ന് റോഡ് മാര്‍ഗമാണ് വൈകിട്ട് അഞ്ച് മണിയോടെ ദുരന്തസ്ഥലത്തേക്ക് എത്തിയത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍ എന്നിവരും ജനപ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പാലത്തിനപ്പുറത്തേക്ക് പോകാന്‍ അധികൃതര്‍ അനുവദിച്ചില്ലെങ്കിലും, പ്രദേശത്തെ തൊഴിലാളികളുമായും രക്ഷാപ്രവര്‍ത്തകരുമായും മുഖ്യമന്ത്രി നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി, മേപ്പാടി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുമെത്തി അന്തേവാസികളോട് സംസാരിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടറേറ്റില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ പ്രത്യേക അവലോകനയോഗം ചേര്‍ന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളായ ആന്‍മോള്‍ ദോദ്രായ് (ജാര്‍ഖണ്ഡ്), ബികാഷ് കുമാര്‍ സിംഗ് (ബീഹാര്‍), ചന്ദ്രഭാന്‍ പാല്‍ (മധ്യപ്രദേശ്) എന്നിവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും. ഒന്‍പത് പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്.