ന്യൂഡൽഹി:നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഡൽഹിയിൽ നിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട പശ്ചിമ ബംഗാൾ ബിർഭൂം സ്വദേശികളായ നാലുപേർ കൂടി ഇന്ത്യയിൽ തിരിച്ചെത്തി. സുപ്രീം കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. സ്വീറ്റി ബിബി (32), ഇവരുടെ 16-ഉം 6-ഉം വയസ്സുള്ള രണ്ട് കുട്ടികൾ, സുനാലി ഖാത്തൂണിന്റെ ഭർത്താവ് ഡാനിഷ് ഷെയ്ഖ് എന്നിവരാണ് ഇന്ന് മടങ്ങിയെത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ ഡൽഹിയിലെ രോഹിണിയിൽ നിന്ന് ബംഗ്ലാദേശ് പൗരന്മാരാണെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കുടുംബങ്ങളെ അതിർത്തി കടത്തി ബംഗ്ലാദേശിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, തങ്ങൾ ബിർഭൂം ജില്ലയിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരാണെന്ന് ഇവർ ആവർത്തിച്ച് പറഞ്ഞിരുന്നു.തുടർന്ന് നടന്ന നിയമനടപടികളിൽ സുപ്രീം കോടതിയുടെ ഇടപെടൽ നിർണ്ണായകമായി. ഈ വർഷം മെയ് മാസത്തിൽ കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയ ഉറപ്പിനെത്തുടർന്നാണ് ഇവർക്ക് മടങ്ങിവരാൻ വഴിയൊരുങ്ങിയത്. നേരത്തെ, ഗർഭിണിയായിരുന്ന സുനാലി ഖാത്തൂണിനെയും മകനെയും മാനുഷിക പരിഗണനയിൽ ഡിസംബറിൽ തന്നെ തിരിച്ചെത്തിച്ചിരുന്നു. ഇവർക്ക് പിന്നാലെയാണ് ഇപ്പോൾ മറ്റുള്ളവർക്കും നീതി ലഭിച്ചത്.
“ബിർഭൂമിലെ ദരിദ്രരായ കുടുംബങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പാണ് സഫലമായത്. നീതി വൈകിയെങ്കിലും ഒടുവിൽ സത്യം വിജയിച്ചു,” രാജ്യസഭാ എംപി സമീറുൽ ഇസ്‌ലാം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നേരത്തെ, സംഭവത്തിൽ കൽക്കട്ട ഹൈക്കോടതി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. അധികൃതർ അത്യധികം തിടുക്കത്തിൽ പ്രവർത്തിച്ചുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി, നടപടി നിയമവിരുദ്ധമാണെന്ന് വിധിക്കുകയും നാലാഴ്ചയ്ക്കുള്ളിൽ ഇവരെ തിരിച്ചെത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, കേസിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് എല്ലാവരെയും തിരികെ കൊണ്ടുവരാൻ കോടതി സമ്മതിക്കുകയായിരുന്നു.