- ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ ലംഘനം
- ഹോര്‍മുസ്ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് US
ടെഹ്റാന്‍: ആദ്യ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടിയെന്ന അവകാശവാദവുമായി ഇറാന്‍. അമേരിക്ക നടത്തിയ ‘വ്യക്തമായ വിശ്വാസവഞ്ചനയ്ക്കും’ തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ തുടരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും മറുപടിയായാണ് ഈ നടപടിയെന്ന് സൈനിക കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു എന്ന് ആരോപിച്ചാണ് ഹോര്‍മുസ് വീണ്ടും അടച്ചതെന്ന് ഇറാന്റെ ഉന്നത സൈനിക കമാന്‍ഡായ ഖാതം അല്‍-അന്‍ബിയ ആസ്ഥാനം അറിയിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ (Mehr) റിപ്പോര്‍ട്ട് ചെയ്തു. ആഗോള ഊര്‍ജ്ജ വിപണിയെ നേരിട്ട് ബാധിക്കുന്ന ഈ തര്‍ക്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കാനിരിക്കുന്ന ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മേഖലയിലെ സമാധാനം നിലനിര്‍ത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോരും പിരിമുറുക്കവും തുടരുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഈ മേഖലയില്‍ കപ്പല്‍ സഞ്ചാരം തടസ്സപ്പെട്ടതിന് തെളിവുകളൊന്നുമില്ലെന്ന് അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചു.
യുഎസ് ഇറാനുമായി ഉണ്ടാക്കിയ 14-പോയിന്റ് കരാറിലെ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടച്ചതായി യുഎസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ നടപടിയെ തങ്ങളുടെ പ്രതികരണത്തിന്റെ ‘ആദ്യ ഘട്ടം’ എന്ന് വിശേഷിപ്പിച്ച ഇറാന്‍, ‘ആക്രമണം’ തുടരുകയാണെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ ധാരണയിലെ ഒന്നാം വകുപ്പിലെ വാഗ്ദാനങ്ങളുടെ ലംഘനമായാണ് ഇറാന്‍ ഈ സംഭവവികാസങ്ങളെ കാണുന്നതെന്ന് അവര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.
ഹോര്‍മുസ് കടലിടുക്ക് അടച്ചതായും, എല്ലാ തരത്തിലുമുള്ള കപ്പല്‍ ഗതാഗതത്തിനും ഇത് ബാധകമാണെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പിന്നീട് പ്രസ്താവിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയിലേക്ക് കപ്പലുകള്‍ അടുക്കരുതെന്നും അങ്ങനെ ചെയ്താല്‍ അവരുടെ സുരക്ഷ അപകടത്തിലായേക്കാമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.
ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഊര്‍ജ്ജ വിതരണ കേന്ദ്രങ്ങളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോള എണ്ണ-വാതക കയറ്റുമതിയുടെ വലിയൊരു ഭാഗം ഇതിലൂടെയാണ് കടന്നുപോകുന്നത്. ഈ ജലപാതയിലെ ഗതാഗത തടസ്സം അന്താരാഷ്ട്ര ഊര്‍ജ, ഷിപ്പിങ് വിപണികളില്‍ വീണ്ടും ആശങ്ക വളര്‍ത്തുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മേഖലയില്‍ ഈ പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇറാന്‍ ഉള്‍പ്പെട്ട സംഘര്‍ഷം അവസാനിപ്പിക്കാനും പ്രാദേശിക സ്ഥിരത ഉറപ്പാക്കാനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടയില്‍, വെള്ളിയാഴ്ച ഇസ്രയേലും ഹിസ്ബുള്ളയും ലെബനനില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. ഇതിനിടെ, ആണവ കരാറിനെക്കുറിച്ച് ഇറാനുമായി ചര്‍ച്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് (Axios) റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ലെബനനിലെ അക്രമണം വര്‍ധിച്ചതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നേരത്തെ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നത് ആശങ്കകള്‍ കുറച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക സുരക്ഷയ്ക്കും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതത്തിനും നിര്‍ണായകമായ ഈ ചര്‍ച്ചകളുടെ ഭാവിയില്‍ ഇപ്പോഴും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട ഇടക്കാല കരാറിനെക്കുറിച്ച് അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഇറാന്റെ പ്രതിനിധി സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഗേയിയെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചകളെക്കുറിച്ച് പ്രതികരിച്ച ബാഗേയി, ഏതൊരു കരാറിന്റെയും യഥാര്‍ത്ഥ പരീക്ഷണം അത് നടപ്പിലാക്കുന്ന ഘട്ടത്തിലാണ് എന്നാണ് അഭിപ്രായപ്പെട്ടത്. ‘ഏതൊരു ധാരണാപത്രവും അല്ലെങ്കില്‍ കരാറും ആത്യന്തികമായി പരീക്ഷിക്കപ്പെടുന്നത് അത് നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ്’, അദ്ദേഹം പ്രതികരിച്ചു.