റെയില്‍വേയില്‍ ഇനി ‘ഒണ്‍ ദ സ്പോട്ട്’ പിഴ, പണമടയ്ക്കാന്‍ കോടതി കയറണ്ട

 

കൊച്ചി: പെറ്റിക്കേസുകളില്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) നേരിട്ട് ഈടാക്കിത്തുടങ്ങി. ജൂണ്‍ 20 മുതലാണ് പിഴ ഈടാക്കിത്തുടങ്ങിയത്. വിസമ്മതിച്ചാലേ കേസെടുത്ത് കോടതിയില്‍ ഹാജരാക്കൂ. കേന്ദ്രസര്‍ക്കാരിന്റെ ജന്‍വിശ്വാസ് ഭേദഗതിയെ തുടര്‍ന്നാണിത്.
അസി. സബ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാം. നേരത്തെ പുകവലിക്കും റെയില്‍വേ സ്റ്റേഷന്‍ വൃത്തിഹീനമാക്കലിനും മാത്രമാണ് നേരിട്ട് പിഴയിട്ടിരുന്നത്. മറ്റുള്ളവയില്‍ കുറ്റാരോപിതന്‍ റെയില്‍വേ മജിസ്‌ട്രേറ്റ് കോടതികളില്‍ പിഴ ഒടുക്കിയിരുന്നത്.
ആദ്യ 10 ദിവസത്തിനകം പാലക്കാട് ഡിവിഷനില്‍ 3.13 ലക്ഷം രൂപയും തിരുവനന്തപുരം ഡിവിഷനില്‍ 7.04 ലക്ഷം രൂപയും ഈടാക്കി. നേരത്തേ റെയില്‍വേ കോടതികളില്‍ ഒടുക്കുന്ന പിഴയുടെ 30 ശതമാനം സംസ്ഥാന സര്‍ക്കാരിനും 50 ശതമാനം റെയില്‍വേക്കുമാണ് ലഭിച്ചിരുന്നത്. ആര്‍.പി.എഫ് പിഴ ചുമത്തി തുടങ്ങിയതോടെ തുക പൂര്‍ണമായി റെയില്‍വേക്ക് ലഭിക്കും.
ക്യു ആര്‍ കോഡ് ഉടന്‍
പിഴത്തുക ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പണമായിട്ടാണ് സ്വീകരിക്കുന്നത്. വ്യക്തിഗത യു.പി.ഐ അക്കൗണ്ടുകളില്‍ തുക വാങ്ങരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്. മൂന്നു മാസത്തിനകം പിഴത്തുക അടയ്ക്കാന്‍ യാത്രക്കാര്‍ക്കായി ക്യു.ആര്‍ കോഡ് തയ്യാറാകും.
കുറ്റകൃത്യം, പിഴ (രൂപ)
അനധികൃത പാര്‍ക്കിംഗ്-500
പുകവലി-2000
അതിക്രമിച്ച് കടക്കല്‍-500
സ്ത്രീകളുടെ കോച്ചിലും വിശ്രമസ്ഥലത്തും പ്രവേശിക്കല്‍-2500
അനധികൃത കച്ചവടം, ഭിക്ഷാടനം-2000
റിസര്‍വ് കോച്ചുകളിലും എയര്‍കണ്ടീഷന്‍ കോച്ചുകളിലും ഓര്‍ഡിനറി ടിക്കറ്റുമായി യാത്ര / ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചിലെ യാത്ര-2000
സ്റ്റേഷനുകളിലും പരിസരത്തും അനധികൃമായി നോട്ടീസും ബോര്‍ഡുകള്‍ സ്ഥാപിക്കല്‍-2000

Leave a Reply

Your email address will not be published. Required fields are marked *