തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിലെ തരികിട ഒന്നൊന്നായി പുറത്തുവരവെ, ക്രമക്കേടുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ച് സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷണമായിരുന്നു മന്ത്രിസഭായോഗ അജന്‍ഡയിലുണ്ടായിരുന്നത്. എന്നാല്‍, തട്ടിപ്പുകളും ഗൂഢാലോചനയുമടക്കം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചാവും ഉത്തമമെന്ന മന്ത്രിമാരുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
അന്വേഷണച്ചുമതല, എത്രകാലത്തെ ക്രമക്കേടുകള്‍ അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ആഭ്യന്തരവകുപ്പ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിജിലന്‍സാണ് അന്വേഷിക്കുന്നതെങ്കില്‍ റിപ്പോര്‍ട്ട് അതത് അഡ്മിനിസ്‌ട്രേറ്റീവ് മേധാവിക്ക് കൈമാറണമെന്ന് 1992ല്‍ ഇറങ്ങിയ ഉത്തരവും മന്ത്രിസഭായോഗം ചര്‍ച്ചചെയ്തു. ജുഡിഷ്യല്‍, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്, പി.എസ്.സി ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതുപ്രകാരം അന്വേഷണറിപ്പോര്‍ട്ട് പി.എസ്.സി ചെയര്‍മാന് കൈമാറേണ്ടിവരും. അല്ലെങ്കില്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടേക്കും. ക്രൈംബ്രാഞ്ചിന് വിടാന്‍ ഇതും കാരണമായി.
പ്രതികളാരാണെന്ന് കണ്ടെത്തിയിട്ടില്ല. പ്രഥമദൃഷ്ട്യാ തെളിവുകളും ഇല്ലാത്തതിനാല്‍ വിജിലന്‍സിന് പ്രാഥമികാന്വേഷണത്തിനു ശേഷമേ കേസെടുക്കാനാവൂ. ക്രൈംബ്രാഞ്ചിന് ഈ പരിമിതിയില്ല. തട്ടിപ്പുകളും ഗൂഢാലോചനയും കണ്ടെത്തിയാല്‍ ഏത് ഉന്നതനെതിരെയും കുറ്റപത്രം നല്‍കാം. പി.എസ്.സിക്ക് ഭരണഘടനാ പദവിയുണ്ടെങ്കിലും ചെയര്‍മാനോ അംഗങ്ങള്‍ക്കോ ക്രിമിനല്‍ കേസുകളില്‍ പരിരക്ഷയില്ല. അഴിമതിനിരോധന വകുപ്പുകളും ചുമത്താം. ലഭിച്ചതും ഇനി ലഭിക്കുന്നതുമായ പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷണം. റെയ്ഡിനും രേഖകള്‍ പിടിച്ചെടുക്കാനും അധികാരമുണ്ടാവും.
പരാതി പ്രവാഹം
1 ക്രൈംബ്രാഞ്ചിന് വിട്ടതിനു പിന്നാലെ, ഹോട്ടല്‍ മാനേജ്‌മെന്റ് അസി. പ്രൊഫസര്‍ നിയമനത്തിലും ക്രമക്കേടെന്ന പരാതി തെളിവു സഹിതമെത്തി
2 കയര്‍ കോര്‍പ്പറേഷനില്‍ പേഴ്‌സണല്‍ മാനേജര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥിയുടെ ഉത്തരക്കടലാസ് മാറ്റിയെന്നാണ് മറ്റൊന്ന്. മൂല്യനിര്‍ണയം നടത്തിയത് പരാതിക്കാരന്റെ ഉത്തരക്കടലാസല്ല
3 എഴുത്തുപരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞവരെ റാങ്ക്പട്ടികയില്‍ മുന്നിലെത്തിക്കാന്‍ അഭിമുഖത്തിന് ഉയര്‍ന്ന മാര്‍ക്കുനല്‍കിയ പരാതികളുമുണ്ട്
രാജിവച്ച് ഒഴിയാനിട
പി.എസ്.സി ചെയര്‍മാനെയോ അംഗങ്ങളെയോ സംസ്ഥാനസര്‍ക്കാരിന് പുറത്താക്കാനാവില്ല. സുപ്രീംകോടതി ജഡ്ജിതല അന്വേഷണത്തിനു ശേഷമേ രാഷ്ട്രപതിക്ക് ഇവരെ നീക്കം ചെയ്യാനാവൂ. ക്രിമിനല്‍കേസില്‍ കുറ്റപത്രം നല്‍കാനുള്ള സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കാനിടയുണ്ട്.
പി.എസ്.സി പ്രതീക്ഷയും സ്വപ്‌നവുമാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് പരീക്ഷ എഴുതി കാത്തിരിക്കുന്നത്. എല്ലാ പരാതിയും സമഗ്രമായി അന്വേഷിക്കും
– മുഖ്യമന്ത്രി വി.ഡി. സതീശന്‍