ചെറുതോണി: ജില്ലയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പരമാവധി ശ്രദ്ധനൽകുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജില്ലയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത് ചികിത്സാരംഗത്തും ഭൂപ്രശ്നങ്ങളിലുമെല്ലാം മലയോരജനത അനുഭവിക്കുന്ന യാതനകൾ നേരിട്ട് അറിയാം. ഇടുക്കി മെഡിക്കൽ കോളജിന്റെ വികസപ്രവർത്തനങ്ങൾക്കും ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ തന്റെ ഇടപെടൽ ഉണ്ടാവുമെന്നും സ്പീക്കർ ചെറുതോണിയിൽ പറഞ്ഞു. റോയ് കെ പൗലോസിന്റെ എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട് . ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇപ്പോൾ പ്രധാനമെന്നും ദുരന്തത്തിന് ഇടയാക്കിയ സാഹചര്യത്തേപ്പറ്റി അന്വേഷണം നടത്തുമെന്നും തിരുവഞ്ചൂർ പറഞ്ഞു. സമ്മേളനത്തിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. റോയ് കെ പൗലോസ് എം.എൽ.എ ആമുഖപ്രഭാഷണം നടത്തി. രാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായി ഏതൊരാൾക്കും എപ്പോഴും കടന്നുവരാവുന്ന സ്ഥാപനമാണ് എം. എൽ. എ ഓഫീസ് എന്ന് റോയ് കെ പൗലോസ് പറഞ്ഞു. ചെറുതോണി വാഴത്തോപ്പ്കവലയിൽ ഫെഡറൽ ബാങ്കിന് സമീപത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്. എഫ്.രാജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രൊഫ.എം ജെ ജേക്കബ്, നേതാക്കളായ അഡ്വ. ഇ.എം ആഗസ്തി, അഡ്വ.ജോയി തോമസ്, എ.പി. ഉസ്മാൻ, മോഹനൻ നായർ, തോമസ് രാജൻ, അഡ്വ.എം.എൻ. ഗോപി, സാന്ദ്രമോൾ ജിന്നി, ജിപ്സി ജിമ്മി, കോമളം മോഹൻദാസ്, ആൻസി തോമസ്, വി.എ ഉലഹന്നാൻ , സി.പി സലിം , അനിൽ ആനിക്കനാട്, സാജു കാരക്കന്നേൽ , ജോബി തയ്യിൽ, ജോബി ചാലിൽ ജോയി കൊച്ചുകരോട്ട്, എം.കെ. നവാസ് , ഷൈനി സജി, എം.ഡി അർജ്ജുനൻ, വർഗ്ഗീസ് വെട്ടിയാങ്കൽ, കെ.ബി സെൽവം, ജയ്സൺ കെ ആന്റണി, മിനി സാബു തുടങ്ങിയവർ പങ്കെടുത്തു.
ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസനത്തിനായി ഇടപെടും: തിരുവഞ്ചൂർ രാധാകൃഷ്ണൻ