‘ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്’ എന്ന ചിത്രത്തിന്റെ ലോകം കൂടുതല്‍ ശക്തവും തീവ്രവുമായി അവതരിപ്പിക്കുന്ന പുതിയ വീഡിയോയായ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ഇതിലൂടെ ടോക്സിക്കിന്റെ ഡാര്‍ക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ വീഡിയോ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ നേര്‍ക്കാഴ്ചയാണ് സമ്മാനിക്കുന്നത്.
നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു. ശക്തവും നിര്‍ണായകവുമായ കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന സൂചനയും വീഡിയോ നല്‍കുന്നു. വളരെ ബോള്‍ഡ് ആയ നയന്‍താര, ആകര്‍ഷകവും നിഗൂഢവുമായ കിയാരയുടെ കഥാപാത്രം, സ്വതന്ത്രവും ചടുലവുമായ താര സുതാരിയയുടെ സാന്നിധ്യം, തീക്ഷ്ണമായ കഥാപാത്രം അവതരിപ്പിക്കുന്ന രുക്മിണി വസന്തും ശ്രദ്ധയാകര്‍ഷിക്കുന്ന ഹുമ ഖുറേഷിയും, ഓരോരുത്തരും ടോക്സിക്കിന്റെ ലോകത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. സ്ത്രീയുടെ കാഴ്ചപ്പാടില്‍ കഥ പറയുന്ന ഒരു ആകര്‍ഷകമായ വനിതാ വോയ്സ് ഓവറും വീഡിയോയുടെ ശക്തിയും സ്വാതന്ത്രവും വിമതസ്വഭാവവും പ്രകടമാക്കുന്നു.ആദ്യ ഫ്രെയിം മുതല്‍ തന്നെ വീഡിയോ അതിന്റെ സ്വഭാവം പ്രകടമാക്കുന്നു. ‘കുട്ടികള്‍… അകന്നു നില്‍ക്കുക. മാതാപിതാക്കള്‍… നിങ്ങളുടെ കുട്ടികള്‍ അകന്നു നില്‍ക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛന്‍മാരും മുത്തശ്ശിമാരും… നിങ്ങളുടെ കുട്ടികളുടെ കുട്ടികള്‍ അകന്നു നില്‍ക്കുന്നുവെന്ന് ഉറപ്പാക്കുക. മുതുമുത്തച്ഛന്‍മാരും മുതുമുത്തശ്ശിമാരും… സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം കാണുക’ എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്.പ്രശസ്ത സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടനും നിര്‍മാതാവുമായ യാഷാണ് നായകനാകുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും.
മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും കെ.വി.എന്‍. പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്’ ഓഗസ്റ്റ് 26 ബുധനാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.