ഡല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് കമ്പനി ക്രെഡില്‍ വന്‍ നിക്ഷേപം നടത്തി ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ. ക്രെഡ് സ്ഥാപകനും നിലവിലെ സിഇഒയുമായ കുനാല്‍ ഷായെ വാട്‌സാപ്പ് ആഗോള തലവനായി നിയമിച്ചു. മെറ്റ നേതൃനിരയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാല്‍. ക്രെഡ് ആപ്പിലൂടെ പ്രശസ്തമായ ഡ്രീം പ്ലഗ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ 8550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുക. 2018ല്‍ കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡ് വഴിയാണ് ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൈകാര്യം ചെയ്യപ്പെടുന്നത്. ഒരു കോടി എഴുപത് ലക്ഷം മെമ്പര്‍മാരുണ്ടെന്നാണ് കമ്പനി അവകാശവാദം. പുതിയ നിക്ഷേപത്തോടെ ക്രെഡിന്റെ ആകെ മൂല്യം നാല്‍പ്പത്തിമൂവായിരം കോടിയായി ഉയര്‍ന്നു. ക്രെഡ് യൂസര്‍മാരുടെ വിവരങ്ങള്‍ മെറ്റയ്ക്ക് ലഭ്യമാകില്ലെന്നാണ് കുനാല്‍ ഷായുടെ വിശദീകരണം. മെറ്റ ക്രെഡിലെ നിക്ഷേപകര്‍ മാത്രമായിരിക്കും.
കുനാലിന്റെ പടിയിറക്കത്തോടെ കമ്പനിയിലെ ഇപ്പോഴത്തെ രണ്ടാമന്‍ മിറ്റന്‍ സമ്പത്ത് ക്രെഡ് സിഇഒ ആകും. ഇന്ത്യന്‍ സിഇഒയ്ക്ക് വഴിയൊരുക്കാന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വാട്‌സാപ്പിനെ നയിക്കുന്ന വില്‍ കത്താര്‍ട്ട് മെറ്റയില്‍ തന്നെ മറ്റൊരു വിഭാഗത്തിലേക്ക് മാറും. എന്താകും പുതിയ ചുമതലയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ആഗോള മെസേജിംഗ് ഭീമനാണെങ്കില്‍ പോലും വാട്‌സാപ്പില്‍ നിന്ന് കാര്യമായ വരുമാനം നിലവില്‍ മെറ്റയ്ക്കില്ല. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ അടക്കം ഫീച്ചറുകള്‍ അടുത്തിടെ അവതരിപ്പിച്ചെങ്കിലും വരുമാനം കൂട്ടാന്‍ കൂടുതല്‍ വഴികള്‍ കമ്പനി തേടുന്നതിനിടെയാണ് കുനാല്‍ ഷായെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. ലോകത്തിലെ എറ്റവും വലിയ മെസ്സേജിംഗ് ആപ്പിനെ നയിക്കാന്‍ എറ്റവും അനുയോജ്യനായ വ്യക്തി കുനാലാണെന്നാണ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം.