- അനുമതി നിഷേധിച്ച് പൊലീസ്
പ്രവര്‍ത്തകര്‍ പോകരുതെന്ന് സിജെപി
ഡല്‍ഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ദില്ലി ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സി ജെ പി. ജന്തര്‍ മന്തറില്‍ രാവിലെ മുതല്‍ തുടങ്ങിയ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപകെ അറിയിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നല്‍കിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് നാളെ വരെ നീളുന്ന രാപകല്‍ സമരവുമായി മുന്നോട്ട് പോകാനാണ് സി ജെ പിയുടെ തീരുമാനം. രാത്രിയിലും ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഡി സി പിക്കാണ് അഭിജിത് ദീപ്‌കെ കത്തുനല്‍കിയത്. എന്നാല്‍ രാത്രിയില്‍ സമരം തുടരാനുള്ള അനുമതി ദില്ലി പൊലീസ് നിഷേധിച്ചതോടെ ആകാംക്ഷയുടെ മണിക്കൂറുകളാണ് രാജ്യ തലസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്.
പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം
അനുവദിച്ച സമയം അവസാനിച്ചാല്‍ ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ വേദി വിട്ടുപോകണമെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസിന്റെ വിലക്ക് തള്ളിയ അഭിജിത് ദീപ്‌കെ, യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പൊലീസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തര്‍ മന്തറില്‍ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍. ഇതിനിടെ പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സി ജെ പി ഇത് തള്ളിക്കളഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും എന്നാല്‍ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമായിരിക്കും ചര്‍ച്ചയെന്നാണ് ദീപ്‌കെ വ്യക്തമാക്കിയത്. സമരം തികച്ചും സമാധാന പരമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.