ഫൈവ് സ്റ്റാർ ഹോട്ടലുകളോട് പക; 30 വർഷത്തിനിടെ 300-ലധികം ആഡംബര ഹോട്ടലുകളെ പറ്റിച്ചു, 69കാരൻ പിടിയിൽ

ന്യൂഡൽഹി: ആഡംബരഹോട്ടലുകളിൽ താമസിച്ച ശേഷം സ്ഥിരമായി ബില്ല് കൊടുക്കാതെ മുങ്ങുന്ന 69 കാരൻ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശിയായ ബിങ്‌സൺ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മുപ്പത് വർഷത്തിനിടെ ഏകദേശം 300-ലധികം ആഡംബര ഹോട്ടലുകളെയാണ് ബിങ്‌സൺ കബളിപ്പിച്ചത്. വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുകയും ബിൽ അടയ്‌ക്കാതെ മുങ്ങുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.

വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അദ്ധ്യാപകൻ, യോഗ പരിശീലകൻ തുടങ്ങിയ വ്യാജവിലാസങ്ങളിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ ഇയാൾ മുറിയെടുത്തിരുന്നത്. ദിവസങ്ങളോളം താമസിച്ച് ഹോട്ടലിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചശേഷം ബില്ലടയ്‌ക്കാതെ കടന്നുകളയുന്നതായിരുന്നു പതിവ്. ചില സന്ദർഭങ്ങളിൽ ഹോട്ടലിലെ വിലപിടിപ്പുള്ള സാധനങ്ങളും ഇയാൾ കൈക്കലാക്കിയിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഛത്തീസ്‌ഗഡിലെ റായ്‌പൂരിലുള്ള ഹൈറ്റ് ഹോട്ടലിലാണ് ഏറ്റവും ഒടുവിലായി തട്ടിപ്പ് നടത്തിയത്. രണ്ട് ദിവസം താമസിച്ച ശേഷം ഏകദേശം 63,755 രൂപയുടെ ബില്ലടയ്‌ക്കാതെയാണ് ഇയാൾ കടന്നുകളഞ്ഞത്. കൂടാതെ ഏകദേശം 1.48 ലക്ഷം രൂപ വിലവരുന്ന ലാ‌പ്‌ടോപ്പും മോഷ്‌ടിച്ചുകൊണ്ടുപോയെന്ന് ഹോട്ടൽ അധികൃതർ പൊലീസിൽ പരാതി നൽകി. പിന്നാലെ ആന്റി ക്രൈെം ആന്റ് സൈബർ യൂണിറ്റും പൊലീസ് സംഘവും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

മൊബൈൽ ഫോൺ രേഖകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവ പരിശോധിച്ചാണ് ഒഡീഷയിലെ ഭുവനേശ്വറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 72 മണിക്കൂറിനകം പൊലീസ് പിടികൂടിയത്. ഇയാൾ ഹോട്ടലിൽനിന്നും കൈവശപ്പെടുത്തിയ ലാപ്‌ടോപും പൊലീസ് കണ്ടെടുത്തു. 1990 മുതൽ സമാനരീതിയിൽ താൻ ആഡംബരഹോട്ടലുകളെ കബളിപ്പിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. 2022ൽ തിരുവനന്തപുരത്തെ ഒരു ഫൈസ് സ്റ്റാർ ഹോട്ടലിലും ഇയാൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാൾ പിടിയിലായത്. അന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തിരുന്നു.

ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച ഇയാൾ 1980കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്‌തിട്ടുണ്ട്. വിനോദസഞ്ചാരികൾക്കൊപ്പം എത്തുന്നതിനാൽ പല ഹോട്ടലുകളിലും ഇയാൾക്ക് താമസസൗകര്യം സൗജന്യമായി ലഭിച്ചിരുന്നു. ഒരു ആഡംബര ഹോട്ടലിൽവച്ച് ജീവനക്കാരനിൽനിന്ന് അപമാനിക്കപ്പെട്ട സംഭവവമാണ് പിന്നീട് വിലകൂടിയ ഹോട്ടലുകളെ ലക്ഷ്യമിടാൻ കാരണമായതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

1996ലാണ് ഇയാൾ ആദ്യമായി അറസ്റ്റിലാകുന്നത്. തുടർന്ന് തിഹാർ ജയിലടക്കമുള്ള വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു. കേരളം, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നീ ജയിലുകളിലായി ഏകദേശം 15 വർഷത്തോളം കഴിഞ്ഞിട്ടുണ്ട്. തിഹാർ ജയിലിൽ കഴിയുന്നതിനിടെ കുപ്രസിദ്ധനായ സീരിയൽ കുറ്റവാളിയായ ചാൾസ് ശോഭരാജിന്റെ രീതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതായും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *