ശാസ്‌ത്ര സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ച കാലത്ത് അതൊന്നും വകവയ്ക്കാതെ, അശാസ്ത്രീയമായി മല തുരന്നതിന്റെ പരിണത ഫലമാണ് വയനാട്ടിലെ ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിൽ. ഇത് വിളിച്ചുവരുത്തിയ ദുരന്തമാണ്. മഴയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ കണക്കിൽപ്പെടുത്താൻ നിർമ്മാണ കമ്പനി പ്രതിനിധികൾ തത്രപ്പാട് കാണിക്കുകയാണ്. മലയുടെ താഴ് വാരം മണ്ണുമാന്തി അസ്ഥിരപ്പെടുത്തിയതിനാലാണ് മലയുടെ ഒരു ഭാഗം താഴോട്ടുപതിച്ചത്. ഈ പ്രദേശത്തെ വലിയൊരു മലനിരയുടെ താഴ്‌വാരച്ചെരിവ് തുരന്നെടുത്താണ് ഇവിടെ തുരങ്ക നിർമ്മാണപ്രവർത്തനം നടത്തുന്നത്. മലനിരയുടെ മുകൾഭാഗത്ത് വനപ്രദേശമാണ്. ഈ കുന്നിൽ നിന്ന് നാലുപാടും മഴവെള്ളം കുത്തിയൊഴുകും. മഴവെള്ളം പോകാനുള്ള ചാലുകൾ കുന്നിൻചെരിവിൽ കാണാം. ഈ വെള്ളമെല്ലാം തൊട്ടടുത്ത മീനാക്ഷി പുഴയിലേക്കാണ് ഒഴുകുന്നത്. മലനിരകളുടെ താഴ്‌വാരത്തെ ചുറ്റിയാണ് പുഴ ഒഴുകുന്നത്. പ്രകൃത്യാലുള്ള ജലപാതകളെ ഇല്ലാതാക്കിയാണ് മലയുടെ താഴ് വാരം കാർന്നെടുത്തത്.
സിമന്റ് പൊതിഞ്ഞത് വിനയായി
തുരങ്ക പാത നിർമ്മിക്കുന്ന പ്രദേശത്ത് മലയടിവാരത്തെ തട്ടുകളാക്കി സിമന്റ് പൊതിഞ്ഞിട്ടുണ്ടെങ്കിലും ഇതൊന്നും കനത്തമഴയിൽ ചെരിവിനെ താങ്ങില്ല. മാത്രമല്ല തട്ടുകളാക്കി സിമന്റ് പൊതിഞ്ഞതിനാൽ കുതിർന്ന മണ്ണിലെ വെള്ളത്തിന് ഒഴുകിപ്പോകാനുമായില്ല. മലയിൽ നിന്നുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞതിനാൽ മലഞ്ചെരുവിൽ വെള്ളം കെട്ടിക്കിടന്ന് മണ്ണിലേക്ക് ഊർന്നിറങ്ങി. ഇത് ചെരിവിനെ ദുർബലപ്പെടുത്തി. ചെരിവിലെ മണ്ണ് അപ്പാടെ ഇടിഞ്ഞുവീണു. താഴേക്ക് വീണ മണ്ണും വെള്ളവും കുത്തിയൊഴുകി, മീനാക്ഷി പാലത്തിന് മുകളിൽ വരെയെത്തി. ഇതിന്റെ ശക്തിയിലാണ് ബസും ടാങ്കർ ലോറിയും കുറേ ദൂരം വരെ നിരങ്ങി നീങ്ങിയത്. ബസ് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തു. ഇതൊരു മനുഷ്യ നിർമ്മിത ഉരുൾ പൊട്ടലാണ്. മലയടിവാരം അശാസ്ത്രീയമായി തുരന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയതിന് വലിയ വില കൊടുക്കേണ്ടി വന്നു.
ഇവിടെ തൊഴിലെടുത്ത, അന്നം തേടിയ മനുഷ്യരും മണ്ണിനടിയിലായി. നീർച്ചാലുകളെല്ലാം തടസപ്പെടുത്തിയാണ് ഇവിടെ ചെരിവ് തുരന്ന മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിന് മുകളിൽ ടാർപോളിൻ പുതപ്പിച്ചു. ഈ വലിയ മൺകൂന പിന്നിലെ മലയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നുണ്ട്.
കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ച ഭാഗത്തിന് മുകളിലായി വെള്ളം താഴേക്ക് ഒഴുകുന്ന ‘ വി ‘ ആകൃതിയിലുള്ള മലയിടുക്ക് കാണാം. കനത്തമഴയിൽ ഇതിലൂടെ വെള്ളം, ചെറിയ വെള്ളച്ചാട്ടം കണക്കെ ഒഴുകും. ഇതിന്റെ ഒഴുക്ക് തടസപ്പെട്ടതും മലയിടിച്ചിലിന് കാരണമായി. ഇത് സ്വാഭാവിക ഉരുൾപൊട്ടലായി കമ്പനി ചൂണ്ടിക്കാട്ടിയതായി കണ്ടു.