എം.എൽ.എയുടെ ഒപ്പിട്ട് പണം തട്ടിയ മുൻ പി.എ അറസ്റ്റിൽ

അന്തിക്കാട്: എം.എൽ.എയുടെ പേരിൽ കള്ള ഒപ്പിട്ട് നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ തട്ടിയെടുത്ത കേസിൽ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. നാട്ടികയിലെ മുൻ സിപി.ഐ എം.എ.ൽ.എ സി.സി. മുകുന്ദന്റെ പി.എ ആയിരുന്ന മസൂദ് കെ. വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. മുൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പി.എആയും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.

2021 ജൂൺ – 2023 ഡിസംബർ വരെയുള്ള കാലയളവിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തെന്ന വ്യാജേന, എം.എൽ.എയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് രേഖയുണ്ടാക്കി അലവൻസ് കൈപ്പറ്റിയെന്നാണ് കേസ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവായ എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയിൽ 2024ൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. പിന്നീട് 2025 മാർച്ചിൽ കേസ് അന്തിക്കാട് സ്റ്റേഷനിലേക്ക് കൈമാറി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് ഒളിവിലായിരുന്ന മസൂദിനെ കഴിഞ്ഞദിവസം പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. വിവിധ ക്രമക്കേടുകൾ പുറത്തുവന്നതിനെത്തുടർന്ന് 2024 ജനുവരിയിൽ മസൂദിനെ സി.സി. മുകുന്ദൻ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *