2,134 കോടിയുടെ വയനാട് തുരങ്കപാതയില്‍ വന്‍ അഴിമതി

കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടവും തുടര്‍ന്നുയരുന്ന ചട്ടലംഘനങ്ങളും വയനാട് തുരങ്കപാത പദ്ധതിയെ വന്‍ നിയമക്കുരുക്കിലേക്ക് നയിക്കുന്നു. പദ്ധതിപ്രദേശത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെടണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര സംഘടന രംഗത്തെത്തിയതോടെ തുരങ്കപാതയില്‍ കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ വിപുലമായ അന്വേഷണത്തിന് വഴിയൊരുങ്ങുകയാണ്. കള്ളാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി കൈകൂപ്പി അപേക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ‘തണ്ണീര്‍ത്തട സംരക്ഷണ അന്താരാഷ്ട്ര പ്രസ്ഥാനം’ ചീഫ് ജസ്റ്റിസിന് അടിയന്തര കത്തയച്ചത്. ദുരന്തത്തിന് ഇടയാക്കിയ സുരക്ഷാവീഴ്ചയെക്കുറിച്ചും പാരിസ്ഥിതികാനുമതി നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് പോലീസും അന്വേഷണവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. കള്ളാടിയിലെ നിര്‍മാണസ്ഥലത്ത് മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്നും, അനുമതി പത്രങ്ങളിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പ്രത്യേകമായി പരിശോധിക്കും.

നടപടിക്രമങ്ങളെല്ലാം കാറ്റില്‍പ്പറത്തി അസാധാരണ വേഗതയിലാണ് 2,134 കോടിയുടെ ഈ വന്‍കിട പദ്ധതിക്ക് ഒന്നാംഘട്ട പാരിസ്ഥിതികാനുമതി ഒപ്പിച്ചെടുത്തതെന്ന രേഖകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന പാരിസ്ഥിതികാഘാത പഠന അതോറിറ്റി ചെയര്‍മാന്‍ വിരമിക്കുന്ന ദിവസം ഈ ഒരു ഫയല്‍ മാത്രം പ്രത്യേകമായി വെച്ച് തിടുക്കത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. പദ്ധതിപ്രദേശം സന്ദര്‍ശിക്കുക പോലും ചെയ്യാതെയാണ് ഡല്‍ഹിയിലെ കേന്ദ്ര വിദഗ്ധ സമിതി ഇതിന് പച്ചക്കൊടി കാട്ടിയത്. വയനാട്ടിലെ അതീവ പരിസ്ഥിതിലോല പ്രദേശത്തെ ഭൗമയാഥാര്‍ഥ്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ സമിതി തയാറായില്ലെന്ന ഗുരുതരമായ ആക്ഷേപവും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിലുണ്ട്. ദേശീയ തലത്തില്‍ അംഗീകാരമില്ലാത്ത കൊങ്കണ്‍ റെയില്‍വേയാണ് പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠന (ഇ.ഐ.എ.) റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. വന്‍കിട അടിസ്ഥാനസൗകര്യ പദ്ധതികളുടെ പഠനം നടത്താന്‍ ഇവര്‍ക്ക് നിയമപരമായ അക്രെഡിറ്റേഷന്‍ ഇല്ലെന്നാണ് ആക്ഷേപം.കേരളത്തെ നടുക്കിയ 2007-ലെ വാളംകോട് ദുരന്തത്തിന്റെയോ 2024-ലെ ചൂരല്‍മല-മുണ്ടക്കൈ ദുരന്തങ്ങളുടെയോ ഡേറ്റകള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടേയില്ല. മുന്‍പുണ്ടായ പ്രകൃതിദുരന്തങ്ങളെ പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് എങ്ങനെയാണ് ഇത്തരമൊരു പഠന റിപ്പോര്‍ട്ട് അധികൃതര്‍ അംഗീകരിച്ചതെന്നത് ദുരൂഹമാണ്. കനത്ത ഭാരമുള്ള ടണല്‍ ബോറിങ് മെഷീനുകള്‍ ഉപയോഗിക്കുമ്പോഴും വന്‍തോതില്‍ പാറപൊട്ടിക്കുമ്പോഴും ഉണ്ടാകാവുന്ന ആഘാതങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നിശ്ശബ്ദത പാലിക്കുകയാണ്. ഇത് വരുംദിവസങ്ങളില്‍ പോലീസിന്റെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും അന്വേഷണ പരിധിയില്‍ വരും. 17.263 ഹെക്ടര്‍ വനഭൂമിയാണ് പദ്ധതിക്കായി ഇല്ലാതാക്കുന്നത്. സമഗ്രമായ സര്‍വേകള്‍ നടത്തിയിട്ടില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സമ്മതിക്കുന്നുണ്ടെങ്കിലും പദ്ധതിക്ക് അനുമതി നല്‍കാന്‍ ഇതൊന്നും തടസ്സമായില്ലെന്നത് വലിയ ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളാടിയിലെ ദുരന്തത്തോടെ പദ്ധതിപ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച കത്തിന്മേലുള്ള തുടനടപടികളും പോലീസിന്റെ കര്‍ശന പരിശോധനകളും തുരങ്കപാതയുടെ ഭാവിയെ നിര്‍ണ്ണയിക്കും.

Leave a Reply

Your email address will not be published. Required fields are marked *