കൊടുങ്ങല്ലൂർ: ദിവസേന നൂറുകണക്കിന് വാഹനങ്ങളും ജനങ്ങളും കടന്നുപോകുന്ന കീഴ്ത്തളി ജംഗ്ഷൻ ശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാതെ ശ്വാസംമുട്ടുന്നു. വാഹനത്തിരക്കും സിഗ്‌നൽ സംവിധാനങ്ങളുടെ അഭാവവും മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും മുതിർന്നവരുമടക്കമുള്ള കാൽനടയാത്രക്കാർ ഭീതിയോടെയാണ് ഈ ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നത്.
മിനി സിവിൽ സ്റ്റേഷൻ, അക്ഷയ കേന്ദ്രം, ആശുപത്രി, പ്രമുഖ ക്ഷേത്രങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നതിനാൽ താലൂക്കിലെ തന്നെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നാണ് കീഴ്ത്തളി ജംഗ്ഷൻ. വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ട് പ്രധാന റോഡുകൾ ചേരുന്ന ഈ ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗത കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാണ്. അമിതവേഗത മൂലം സീബ്രാ ലൈനിലൂടെ പോലും ആളുകൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥയാണ്.ഇവിടെ അടിയന്തരമായി ട്രാഫിക് സിഗ്‌നൽ സംവിധാനമോ സ്ഥിരം പൊലീസ് നിയന്ത്രണമോ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇരട്ടിയായി ഗതാഗതക്കുരുക്ക്
മാള ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വീതിക്കുറവും, ജംഗ്ഷനോട് ചേർന്നുള്ള ബസ് സ്റ്റോപ്പും ഇവിടുത്തെ ഗതാഗതസ്തംഭനം ഇരട്ടിയാക്കുന്നു. രാവിലെയും വൈകീട്ടും സ്‌കൂൾ,കോളേജ് സമയങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ വിദ്യാർത്ഥികൾ ഭയപ്പെടുകയാണ്.
ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന ഇരുഭാഗങ്ങളിലും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുകയോ, തിരക്കേറിയ സമയങ്ങളിൽ ഹോം ഗാർഡിന്റെ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്ത് അപകടഭീഷണിയും യാത്രാക്ലേശവും ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.