സിപിഎമ്മിൽ ‘ബി’ ടീം, ലക്ഷ്യം പുതിയ ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റം രാഷ്ട്രീയ വിവാദമാക്കി വി.ഡി. സതീശൻ സർക്കാരിനെ ആക്രമിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നീക്കത്തെ ഇ.പി. ജയരാജൻ തള്ളിപ്പറഞ്ഞത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇപിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് വലിയ ഗുണമാണ് ഉണ്ടാക്കിയത്. എന്നാൽ ഇപ്പോഴിതാ വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ ഭിന്നാഭിപ്രായം ഉടലെടുത്തെന്ന അഭ്യൂഹം ശക്തമാവുകയാണ്.

രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ലെന്നും ആവിലും ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്നാണ് പികെ ശ്രീമതി പറഞ്ഞത്. പറയുന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരിക്കണം. വിഴിഞ്ഞത്തിൽ ഇപി ജയരാജൻ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി വ്യക്തമാക്കി. വിഴിഞ്ഞം പോർട്ട് മുൻ മാനേജിംഗ് ഡയറക്ടറെ ഇത്ര തിടുക്കപ്പെട്ട് മാറ്റിയതിന് പിന്നിലെ അജണ്ടയെന്താണെന്ന് കെകെ രാഗേഷ് ചോദിച്ചത്.

എന്നാൽ ദിവ്യ എസ് അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണെന്നും ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണെന്നും പികെ ശ്രീമതി വ്യക്തമാക്കി. മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോൺ ബ്രിട്ടാസിന്റെ അഭിപ്രായം തനിക്കില്ല. സർക്കാർ തീരുമാനം പോലെയാണ് മാറ്റം വരുന്നതെന്നും ശ്രീമതി പറഞ്ഞു.

കെകെ രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോൾ അതിന്റെ കാരണങ്ങൾ കൂടി വ്യക്തമാക്കണം. എന്നാൽ മാത്രമേ ആളുകൾക്ക് വ്യക്തമാവുകയുള്ളൂവെന്നും പികെ ശ്രീമതി വ്യക്തമാക്കി. അതേസമയം, വിഴിഞ്ഞം വിഷയത്തിൽ നേതാക്കൾ രണ്ട് തട്ടിലായത് പാർട്ടിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ക്ഷണിച്ചുവരുത്തുന്നത്. പാർട്ടിവിട്ട വിമതരെ സംബന്ധിച്ചും വിഴിഞ്ഞം തുറമുഖം ഓഹരികൈമാറ്റം സംബന്ധിച്ചും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വീകരിച്ച നിലപാടിനെ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നിരാകരിച്ചതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.വി. ഗോവിന്ദനും സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഉയർത്തിക്കൊണ്ടുവന്ന ഒരു വിഷയത്തെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പരസ്യമായി നിരാകരിച്ചു എന്നതാണ് കാതൽ. നിഗൂഢമെന്നും ദോഷകരമെന്നും ഇരുവരും ആവർത്തിച്ച് ആരോപിച്ചിരുന്ന വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായം പാർട്ടിയിലുണ്ടെന്ന് ഇതോടെ വ്യക്തമായി.

രണ്ടുപതിറ്റാണ്ടായി ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നപ്പോഴും പിണറായി വിജയൻ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ പരോക്ഷമായി വിമർശിച്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബിയെപോലും പിണറായി തള്ളിപ്പറഞ്ഞിരുന്നു. കണ്ണൂരിൽ സ്വാധീനമുള്ള ഇ.പി. ജയരാജനെ വിഴിഞ്ഞം വിഷയത്തിൽ തള്ളിപ്പറയാൻ പിണറായി തയ്യാറാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

 

എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിന്റെ മുൻനിരയിൽ നിൽക്കുന്ന നേതാവാണ് ഇ.പി. ജയരാജൻ. തന്റെ പ്രസ്താവന പാർട്ടിയിലുണ്ടാക്കാവുന്ന ചർച്ചകൾ മുൻകൂട്ടി കണ്ടുതന്നെയാണ് അദ്ദേഹം പ്രതികരണം നടത്തിയതെന്നാണ് സൂചന. വി.ഡി. സതീശൻ നടത്തിയ മാംഗ്ളൂർ യാത്രയെ വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പിച്ച് ഗുരുതര ആരോപണമാണ് എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഈ ആരോപണങ്ങളെയാകെ ഒരു പ്രതികരണത്തിലൂടെ റദ്ദാക്കുകയാണ് ഇ.പി.ജയരാജൻ ചെയ്തത്.

 

പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി വി.ഡി.സതീശനെ ഉന്നമിട്ട് അഴിമതി ആരോപണം ഉന്നയിച്ചിരിക്കേയാണ് ഇ.പി അതിനെ തള്ളിപ്പറഞ്ഞത്. ആരെങ്കിലും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അവർ തന്നെ അത് വിശദീകരിക്കട്ടെയെന്ന്ഇ.പി.പറഞ്ഞു. കരാർ വ്യവസ്ഥയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ സംസ്ഥാനകേന്ദ്ര സർക്കാരുകളുടെ അനുമതി നിർബന്ധമാണെന്നും കരാറുകാരന് മാത്രമായി പുറംകരാർ ഉണ്ടാക്കാൻ കഴിയില്ലെന്നും ഇ.പി. ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *