പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. അട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് (66) കൊല്ലപ്പെടുത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളായ ഉദയകുമാറിനെയും 17കാരനെയും കസ്റ്റഡിയിലെടുത്തത്. സരസമ്മാളിന്റെ അയൽവാസിയാണ് ഉദയകുമാർ. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
റോഡിലൂടെ പോകുകയായിരുന്ന സരസമ്മാളിനെ സാരി കാണിച്ചുതരാം എന്ന വ്യാജേനെയാണ് പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മൂക്കുത്തി മോഷ്ടിക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ജൂൺ പത്ത് മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. തുടർന്ന് ജൂൺ 12ന് മകൾ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് യുവാക്കളിലേക്കെത്തുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലക്കടിച്ചശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു. പിന്നീട് പാതികത്തിയ ശരീരം ചാക്കിലാക്കി കുഴിച്ചുമൂടുകയായിരുന്നു.