ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി വിവരം. ഡല്‍ഹി കേരള ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയെക്കുറിച്ച് വിമര്‍ശനമുയര്‍ന്നു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷനേതാവിന്റെ യാത്ര മുടങ്ങിയിരുന്നു. ഗേറ്റിന് സമീപം എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടതിനാല്‍ അദ്ദേഹത്തിന് യാത്ര തുടരാനായില്ല. വിമാനത്താവളത്തില്‍ നേരത്തെ എത്തിയിട്ടും മുഖ്യമന്ത്രിയുടെ യാത്ര വൈകാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണെന്ന് വിലയിരുത്തപ്പെടുന്നു.
വി.ഐ.പി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളില്‍ ലഭ്യമാകേണ്ട ബഗ്ഗി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. വിമാനക്കമ്പനി അധികൃതരുമായി കൃത്യമായി ആശയവിനിമയം നടത്തുന്നതില്‍ വന്ന പോരായ്മയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംഭവത്തില്‍ അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരില്‍ നിന്നും രേഖാമൂലമുള്ള വിശദീകരണം വാങ്ങിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കെതിരെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.
പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച; നടപടിയുണ്ടാകും