വീടിനുള്ളിൽ നല്ല സുഗന്ധം ലഭിക്കാൻ പൊതുവെ ആശ്രയിക്കുന്നത് വിലകൂടിയ എയർ ഫ്രഷ്നറുകളെയാണ്. ഇത് വീടിനുള്ളിൽ നല്ല സുഗന്ധം പരത്താൻ സഹായിക്കും. എന്നാൽ ഇവയെല്ലാം ആരോഗ്യത്തിന് അത്ര നല്ലതല്ല. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, തലവേദന, അലർജി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കിത് കാരണമാകുന്നു.
അതിനാൽ ഇനി ഇത്തരം രാസവസ്തുക്കൾ അടങ്ങിയ എയർ ഫ്രഷ്നറുകൾ ഉപയോഗിക്കണ്ടതില്ല. പകരം പ്രകൃതിദത്തമായ രീതിയിൽ വീടിനുള്ളിൽ സുഗന്ധം പരത്താൻ ഒരു എളുപ്പവഴിയുണ്ട്. ദിവസവും ഉപയോഗിച്ച ശേഷം കളയുന്ന കാപ്പിപ്പൊടിയും അടുക്കളയിലുള്ള കറുവപ്പട്ടപ്പൊടിയും മാത്രം മതി. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഒരു പ്രകൃതിദത്തമായ എയർ ഫ്രഷ്നർ തയ്യാറാക്കാം.
തയ്യാറാക്കുന്നവിധം
ഒരു ചെറിയ ഗ്ലാസ് ജാറിൽ ഉപയോഗിച്ച ശേഷം മാറ്റിവച്ച് ഉണങ്ങിയ കാപ്പിപ്പൊടിയും ആവശ്യത്തിന് കറുവപ്പട്ടപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം ജാറിന്റെ മൂടി തുറന്ന് വീടിന്റെ ഏത് ഭാഗത്താണോ സുഗന്ധം വേണ്ടത് അവിടെ വയ്ക്കാം. ഇതിന്റെ സുഗന്ധം കുറയുന്നതിനനുസരിച്ച് പുതിയ കാപ്പിപ്പൊടിയും കറുവപ്പട്ടപ്പൊടിയും ചേർത്ത് വീണ്ടും തയ്യാറാക്കി ഉപയോഗിക്കാം. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഈ മാർഗം വീട്ടിലെ ദുർഗന്ധം കുറയ്ക്കാനും പ്രകൃതിദത്തമായ സുഗന്ധം നിലനിർത്താനും സഹായിക്കും.
ഗുണങ്ങൾ
- അടുക്കള, കിടപ്പുമുറി, ടോയ്‌ലറ്റ് എന്നിവിടങ്ങളിൽ സുഗന്ധം നിലനിർത്താൻ സഹായിക്കും.
- പാചകത്തിന് ശേഷം അടുക്കളയിലുണ്ടാകുന്ന ദുർഗന്ധം കുറയ്ക്കാനും പ്രകൃതിദത്തമായ സുഗന്ധം നിലനിർത്താനും സഹായിക്കും.
- അലമാരകൾ, വാർഡ്രോബുകൾ എന്നിവ സുഗന്ധമുള്ളതാക്കാം.