കുറഞ്ഞ പരിചരണം, ഗ്രോ ബാഗിലും നടാം; നാലുമാസം കൊണ്ട് കെെനിറയെ സമ്പാദിക്കാം

സ്ഥല കുറവ് കാരണം പലരും ഇന്ന് ടെറസിലും ഗ്രോ ബാഗുകളിലുമാണ് കൃഷി ചെയ്യുന്നത്. ഇത്തരത്തിൽ ചെറിയ ഇടങ്ങളിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ വിളയാണ് മധുരക്കിഴങ്ങ്. ആന്റി ഓക്സി‌ഡന്റും ഫെെബറും വെെറ്റമിനുകളും ധാരാളമടങ്ങിയ ഭക്ഷണമായതിനാൽ ഇവയ്ക്ക് വിപണിയിൽ നല്ല സ്ഥാനമാണ്.

സ്വന്തം ആവശ്യത്തിനും മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നവരുമുണ്ട്. കുറഞ്ഞ പരിചരണവും മികച്ച പ്രതിരോധശേഷിയുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. നല്ല സൂര്യപ്രകാശം ഉള്ള വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് വേണം ഇത് കൃഷി ചെയ്യേണ്ടത്. പരമാവധി നാലുമാസം കൊണ്ട് വിളവെടുക്കാം. കിഴങ്ങുകൾ മണ്ണിലേക്ക് ഇറങ്ങി വളരുന്നതിനാൽ 16 × 16 ഇഞ്ച് വലിപ്പമുള്ളതോ വലുതോ ആയ ഗ്രോ ബാഗുകൾ ഉപയോഗിക്കാം. മണ്ണ് എപ്പോഴും അയവുള്ളതായിരിക്കണം. എങ്കിലേ കിഴങ്ങ് നന്നായി താഴേയ്ക്ക് വളരൂ.

മേൽമണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ മിക്സ് ചെയ്ത് ബാഗിന്റെ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. വിപണിയിൽ നിന്നോ നഴ്സറിയിൽ നിന്നോ വാങ്ങിയ ആരോഗ്യമുള്ള വള്ളികളുടെ തലപ്പും നടുഭാഗവും നടാനെടുക്കാം. 20 – 30 സെന്റീമീറ്റർ നീളമുള്ള വള്ളിക്കഷണങ്ങളായി ഇവ മുറിച്ചെടുത്ത് വേണം നടാൻ.

വള്ളിയുടെ അടിഭാഗത്തെ 1-2 ഇലകൾ നുള്ളിക്കളയുക. രണ്ട് മുട്ടുകൾ മണ്ണിലേക്ക് ഇറങ്ങിയിരിക്കത്തക്ക വിധത്തിൽ വേണം നടേണ്ടത്. ഒരു വലിയ ഗ്രോ ബാഗിൽ പരമാവധി രണ്ടോ മൂന്നോ വള്ളികൾ മാത്രം നടുക. തുടക്കത്തിൽ എല്ലാദിവസവും നനയ്ക്കണം. വള്ളികൾ പടർന്ന് കഴിഞ്ഞാൽ മണ്ണ് ഉണങ്ങുന്നത് അനുസരിച്ച് മാത്രം (2 -3 ദിവസത്തിലൊരിക്കൽ) നനച്ചാൽ മതിയാകും. ഗ്രോ ബാഗിൽ നിന്ന് ഒരുപാട് നീണ്ടുപോകാൻ അനുവദിക്കരുത്. വള്ളികൾ ചുരുട്ടി ഗ്രോ ബാഗിന് മുകളിൽ തന്നെ വയ്ക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *