കാഠ്മണ്ഡു: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബാലേന്ദ്ര ഷായുടെ ഭരണകൂടത്തിനെതിരെ നേപ്പാളിൽ ജനരോഷം. ഒരു ബൈക്ക് ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവമാണ് കാഠ്മണ്ഡുവിൽ പെട്ടന്നുള്ള യുവജന പ്രതിഷേധത്തിന് വഴിവെച്ചത്. ഗണേഷ് നേപ്പാളി (25) എന്ന ഡ്രൈവർ, കാഠ്മണ്ഡു മുനിസിപ്പൽ പോലീസ് മോട്ടോർ സൈക്കിളിന്റെ ചക്രം ലോക്ക് ചെയ്തതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച റോഡരികിൽ ഉപഭോക്താവിനെ കാത്തുനിന്ന ഗണേഷിന്റെ ബൈക്കിന് പോലീസ് ചക്രപ്പൂട്ടിട്ടു. ഇതിൽ മനംനൊന്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഈ സംഭവം സർക്കാരിന്റെയും ഭരണകൂടത്തിന്റെയും നടപടികൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ഉയരാൻ കാരണമായി.
കാഠ്മണ്ഡുവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ഞായറാഴ്ച നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി ഒത്തുചേർന്നത്. ‘പാവപ്പെട്ടവരോടുള്ള ക്രൂരത അവസാനിപ്പിക്കുക’, ‘മനുഷ്യാവകാശങ്ങളെ മാനിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം.
ചേരികളിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്ന നടപടികൾ നിർത്തണമെന്നും അനധികൃത അറസ്റ്റുകൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 2022-ൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ബാലൻ ഷായുടെ നഗര പരിപാലന രീതികൾ നേരത്തെ തന്നെ വിവാദത്തിലായിരുന്നു. തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും നദീതീരങ്ങളിലെ കുടിയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും അദ്ദേഹം സ്വീകരിക്കുന്ന കർക്കശമായ നിലപാടുകൾക്കെതിരേ പ്രതിഷേധം ശക്തമാണ്. പലപ്പോഴും ഇത്തരം ഒഴിപ്പിക്കൽ നടപടികൾ സംഘർഷങ്ങളിലാണ് അവസാനിച്ചിട്ടുള്ളത്.