ബാവി ചുഴലിക്കാറ്റ്; ചൈനയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, രക്ഷാപ്രവർത്തനം ശക്തം

ബീജിങ് : ശക്തമായി വീശിയടിച്ച ബാവി ചുഴലിക്കാറ്റിനെത്തുടർന്ന് ചൈനയുടെ വിവിധ പ്രവിശ്യകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും. വടക്കൻ പ്രവിശ്യയായ ഹെബെയ്, വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിംഗ് എന്നിവിടങ്ങളിലാണ് കനത്ത മഴ നാശനഷ്ടമുണ്ടാക്കിയത്. ജനസാന്ദ്രതയേറിയ നഗരങ്ങളിൽ ശക്തമായ കാറ്റ് പിടിച്ചുലച്ച പശ്ചാത്തലത്തിൽ ചൈനീസ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വൻതോതിലുള്ള ദുരന്തനിവാരണ – രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഹെബെയ് പ്രവിശ്യയിലെ കുവാൻഷെങ് കൗണ്ടിയിൽ ലുവാൻ നദിയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഗതാഗത തടസമുണ്ടായി. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കുവാൻഷെങ്ങിൽ ഒറ്റപ്പെട്ടുപോയ 1,800ഓളം ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് അധികൃതർ ഇപ്പോൾ മുൻഗണന നൽകുന്നത്. ദുരന്തബാധിത മേഖലകളിൽ ജനങ്ങൾക്ക് ആവശ്യമായ സഹായമെത്തിക്കാൻ ഭരണകൂടം സന്നദ്ധപ്രവർത്തകരെയും സുരക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്.

ലിയോണിംഗ് പ്രവിശ്യയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശവും റെഡ് അലർട്ടും പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാവിധ ജോലികളും ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പൊതുചടങ്ങുകളും പൂർണമായും നിർത്തിവെയ്ക്കാൻ ഹെബെയ് പ്രവിശ്യാ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഷെന്യാങ് നഗരത്തിൽ വെള്ളപ്പൊക്കം 30ലധികം റെയിൽവേ പാതകളെ ബാധിച്ചതിനാൽ തിങ്കളാഴ്ച പല ട്രെയിൻ സർവീസുകളും മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കി. വടക്കുകിഴക്കൻ പ്രവിശ്യയായ യിലിൻ ഉൾപ്പെടെയുള്ള പലയിടങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

യിലിൻ, ലിയോണിംഗ്, ഹെബെയ്, ഷാൻഡോങ്, യിയാങ്സു, അൻഹുയി എന്നീ പ്രവിശ്യകളിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ചില വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ ആലിപ്പഴ വർഷത്തിനും യിയാങ്സു പ്രവിശ്യയുടെ മധ്യ-വടക്കൻ മേഖലകളിൽ മണിക്കൂറിൽ 117 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. നിലവിൽ രാജ്യത്തുടനീളമുള്ള നാൽപ്പത്തിയാറോളം നദികളിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിക്ക് മുകളിലായതിനാൽ ചൈനീസ് ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അതീവ ജാഗ്രത പുലർത്തുകയും നദീതീരങ്ങളിലുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *