പുന്നയൂർക്കുളം ∙ അതീവ പ്രജനനശേഷിയിയുള്ള ആഫ്രിക്കൻ ഒച്ച് സമീപ പ്രദേശങ്ങളിൽ വ്യാപകമായ സാഹചര്യത്തിൽ പഞ്ചായത്തിലും ആശങ്ക. ഇവയെ പൂർണമായി നശിപ്പിക്കൽ എളുപ്പമല്ല. കൃഷി നശിപ്പിക്കുന്നതിനൊപ്പം ഇതിന്റെ സ്രവം മസ്തിഷ്കജ്വരത്തിനും കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂരിൽ രണ്ട് വർഷം മുൻപാണ് ഒച്ചിനെ കണ്ടുതുടങ്ങിയത്. അതിവേഗമായിരുന്നു ഇതിന്റെ വ്യാപനം. തെങ്ങിലും മറ്റു ഫലവൃക്ഷങ്ങളിലും ഇത് പറ്റിപ്പിടിച്ചിരിക്കുകയാണ്. രാത്രിയാണ് ഇവയുടെ സഞ്ചാരം. ദിവസവും നൂറുകണക്കിന് ഒച്ചിനെ കൊല്ലുന്നുണ്ടെങ്കിലും പിറ്റേന്നും അത്രത്തോളം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സമീപ പഞ്ചായത്തുകളായ നന്നംമുക്ക് ആലങ്കോട് എന്നിവിടങ്ങളിലും ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഒരു ഒച്ച് 300 മുതൽ അഞ്ഞൂറും അതിലധികവും മുട്ടകൾ ഇടുമെന്നാണ് പറയുന്നത്. ഒച്ചിനെ കൊന്നാലും മുട്ടകൾ നശിക്കില്ല. ഒരെണ്ണം ഇല്ലാതായാൽ പകരം അഞ്ഞൂറെണ്ണം ജനിക്കുന്നു എന്നതാണ് പ്രശ്നം. മുട്ട മൂന്നു വർഷം വരെ മണ്ണിൽ ജീവിക്കും. വർഷക്കാലത്താണ് ഇവയുടെ സാന്നിധ്യം കൂടുതൽ. ചുമരിലും മതിലിലും പ്ലാസ്റ്റർ ചെയ്ത സിമന്റ് മുതൽ കൃഷി വരെ ജൈവ അജൈവ വ്യത്യാസമില്ലാതെ എല്ലാം തിന്നു തീർക്കും.
തുടക്കത്തിൽ ശ്രദ്ധിച്ചാൽ വ്യാപനം ഇല്ലാതാക്കാമെന്ന് പെരുമ്പടപ്പ് കൃഷി ഓഫിസർ ചിപ്പി പറഞ്ഞു. ഒച്ചിനെ കണ്ടാൽ ഉപ്പ് വിതറി കൊല്ലുക, ശേഷം ഉപ്പുവെള്ള ലായനിയിൽ 2 ദിവസമെങ്കിലും ഇട്ട് ആഴത്തിൽ കുഴിയെടുത്ത് മൂടുക. പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തൊട്ടുകിടക്കുന്ന പ്രദേശമായതിനാൽ അതീവ ശ്രദ്ധ വേണമെന്ന് പുന്നയൂർക്കുളം കൃഷി ഓഫിസർ നയിമ നൗഷാദ് പറഞ്ഞു. വീടും പറമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചെടികളിൽ ഒച്ചിനെ കണ്ടാൽ തുരിശ് ലായനി ഒരു ലീറ്റർ വെള്ളത്തിന് 5 ഗ്രാം എന്ന തോതിൽ തളിക്കാം. കുമ്മായം, ഉപ്പ് എന്നിവയും ഇതിനെ നശിപ്പിക്കാൻ ഫലപ്രദമാണ്. കിണറിനു സമീപം ഇവയെ കണ്ടാൽ ബ്ലീച്ചിങ് പൗഡർ വിതറുക.