വിഡിയോ ചാറ്റിനായി ഫെയിസ് ടൈം ഉപയോഗിക്കിന്നവരാണോ നിങ്ങൾ? സൂക്ഷിച്ചില്ലെങ്കിൽ പണി പിന്നാലെ വരും

ഒരുപക്ഷേ നിങ്ങൾ അവസാനമായി ചെയ്ത വിഡിയോ ചാറ്റ് വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഏതെങ്കിലും തട്ടിപ്പുകാർ ചോർത്തിയിട്ടുണ്ടാവാം. ഇല്ലെങ്കിൽ ഇനിയൊരിക്കൽ അങ്ങനെ ചെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ആപ്പിൾ തന്നെയാണ്. ആപ്പിളിന്‍റെ വിഡിയോ ചാറ്റ് ഫീച്ചറായ ഫെയിസ് ടൈം ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അപഹരിക്കുന്നതായാണ് കമ്പനി പറയുന്നത്. എന്നാലിത് സാങ്കേതിക പിഴവുകൾ കാരണമല്ല സംഭവിക്കുന്നത്. മറിച്ച് ഉപയോക്താക്കളുടെ വിശ്വാസ്യത അപഹരിച്ചും അഞ്ജത മുതലെടുത്തുമാണ് തട്ടിപ്പുകാർ വിവരങ്ങൾ കൈപ്പറ്റുന്നത്. ഫെയിസ് ടൈം വിഡിയോ ചാറ്റ് ഫീച്ചർ ഉപയോഗിച്ച് സർക്കാർ ഏജൻസികൾ, ബാങ്ക് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, എന്നിങ്ങനെയുള്ളവരായി നടിച്ച് തട്ടിപ്പുകാർ ആളുകളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ആപ്പിൾ പറയുന്നു.

ആദ്യം മെസേജിലൂടെയോ ഫോൺ കോളിലൂടെയോ ഇരയെ സമീപിക്കുകയും പിന്നീട് ഫേസ് ടൈമിലേക്ക് മാറാൻ പറയുകയുമാണ് ചെയ്യുക. ഇരയെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആപ്പിൾ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ നേടിയെടുക്കുകയാണ് ചെയ്യുക. സർക്കാർ അന്വേഷണത്തിന്‍റെ ഭാഗമാണണെന്നും ആപ്പിൾ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നുമൊക്കെ പറഞ്ഞാണ് സൈബർ തട്ടിപ്പുകാർ ഓടിപി ഉൾപ്പെടെയുള്ള വിവരങ്ങൾ ആളുകളിൽ നിന്നും ശേഖരിക്കുന്നത്.

ഓർക്കുക, പാസ്‌വേഡ്, ഒടിപി, ആപ്പിൾ ഐഡി തുടങ്ങിയവയെല്ലാം നിങ്ങളുടെ സ്വകാര്യ വിവരങ്ങളാണ്. ഇവ യാതൊരു കാരണവശാലും ആരുമായും ഷെയർ ചെയ്യാതിരിക്കുക. സൈബർ തട്ടിപ്പുകൾ വ്യാപിച്ചിരിക്കുന്നതിനാൽ സംശയാസ്പദമായി തോന്നുന്ന കോളുകളും ലിങ്കുകളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഒരുപക്ഷേ നിങ്ങൾ വരുത്തുന്ന ചെറിയ അശ്രദ്ധകൾ നിങ്ങളെ വലിയ തട്ടിപ്പിന്‍റെ കുഴിൽ പെടുത്തിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *