ആകാശം കടന്ന് അഭിമാനമായി അനില്‍മേനോന്‍ സായൂസ് എംഎസ് 29 പേടകം വിക്ഷേപണം വിജയം
തിരുവനന്തപുരം: മലയാളിയായ ഡോക്ടര്‍ അനില്‍ മേനോനടക്കം മൂന്ന് യാത്രികരുമായി സോയൂസ് എംഎസ് 29 പേടകത്തിന്റെ വിക്ഷേപണം ആരംഭിച്ചു. കൃത്യം 8.17ന് കസാഖിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. ഇനിയുള്ള എട്ട് മാസം മൂന്ന് പേരും ബഹിരാകാശത്ത് തുടരും. ഇനി ഏപ്രില്‍ മാസത്തിലാണ് ഇവര്‍ മടങ്ങിവരിക. ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് 11 മണിയോടെ എത്തും. 11.26ന് നിലയവുമായി ഡോക്കിംഗ്. രാത്രി 1.25ഓടെ സംഘം നിലയത്തില്‍ പ്രവേശിക്കും. പ്രോത് ദുബ്രോവും അന്ന കിക്കിനയുമാണ് അനിലിനൊപ്പമുള്ളത്. ഇതില്‍ പ്രോത് ദുബ്രോവാണ് മിഷന്‍ കമാന്‍ഡര്‍.
ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനിയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനില്‍ മേനോന്‍. . രണ്ടു റഷ്യന്‍ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ കുടുംബാംഗമാണ് അനില്‍. ഉക്രൈന്‍ സ്വദേശി എലിസബത്താണ് അനില്‍ മേനോന്റെ മാതാവ്.