നിയമന ക്രമക്കേടിൽ വിവരങ്ങൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; പിഎസ്‌സിക്ക് കത്ത് നൽകി

തിരുവനന്തപുരം ∙ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവരങ്ങള്‍ ആവശ്യപ്പെട്ട് പിഎസ്‌സിക്കു കത്തു നല്‍കി. ഉദ്യോഗസ്ഥര്‍ പിഎസ്‌സി ആസ്ഥാനത്തു നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. പരാതികള്‍ ഉള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍, ഉത്തരസൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിനു വിളിച്ചവരുടെ പട്ടിക എന്നിവ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അജിതാ ബീഗം പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണത്തിന് എല്ലാവിധ സഹകരണവും പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയിലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി ഉള്‍പ്പെടെയാണ് എസ്‌ഐടി അന്വേഷിക്കുന്നത്. ഇതിനു പുറമേ ലഭിക്കുന്ന പരാതികളും സംഘം അന്വേഷിക്കും.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയെക്കുറിച്ചാണു പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ പിഎസ്‌സി ആഭ്യന്തര അന്വേഷണ സംഘവും ഇതേ പരീക്ഷയില്‍ അന്വേഷണം നടത്തുന്നുണ്ട്. ക്രമക്കേട് തെളിഞ്ഞാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കെഎഎസ്, ഡിവൈഎസ്പി സ്‌പെഷല്‍ റിക്രൂട്ട്മെന്റ് എന്നിവയിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും ഉദ്യോഗാര്‍ഥികളില്‍നിന്നു മൊഴിയെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *