‘നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചു’; ഇന്ത്യന്‍ നാവികര്‍ക്കുനേരെ നടന്ന ആക്രമണം സ്ഥിരീകരിച്ച് യുഎസ്

ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് ഗിനിയ-ബിസാവു പതാകയുള്ള ഇന്ത്യന്‍ നാവികരടങ്ങിയ ‘എംടി ജല്‍വീര്‍’ എന്ന കപ്പലിനെ ലക്ഷ്യമാക്കി യുഎസ് സൈന്യം രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാനില്‍നിന്ന് എണ്ണ കടത്താന്‍ ശ്രമിച്ചതും യുഎസ് സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതുമാണ് ആക്രമണത്തിന് കാരണമായതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സിലൂടെ അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ ഒമാന്‍ തീരത്ത് ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ക്ക് നേരെ യുഎസ് സൈന്യം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. നേരത്തെ പലാവു പതാകയുള്ള ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനുമേലുള്ള ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു സെറ്റബെല്ലോയ്ക്ക് നേരെ യുഎസ് വെടിയുതിര്‍ത്തത്.
കൂടാതെ, കഴിഞ്ഞ തിങ്കളാഴ്ച ഹോര്‍മുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് 24 ഇന്ത്യന്‍ നാവികരുണ്ടായിരുന്ന ‘എംടി മാരിവെക്‌സ്’ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചിരുന്നു.
ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പശ്ചിമേഷ്യയില്‍ ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെടുന്ന തുടര്‍ച്ചയായ സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *