ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷണത്തിനും അവകാശങ്ങൾക്കുമായി നിരാഹാര സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുകിന് പിന്തുണയുമായി ‘3 ഇഡിയറ്റ്സ്’ താരം ഓമി വൈദ്യ. ചിത്രത്തിൽ ആമിർ ഖാൻ അവതരിപ്പിച്ച ‘ഫുൻസുക് വാങ്ഡു’ എന്ന വിഖ്യാത കഥാപാത്രം യഥാർഥ ജീവിതത്തിൽ സോനം വാങ്ചുകിനെ ആസ്പദമാക്കിയുള്ളതാണെന്ന് ഓർമിപ്പിച്ചാണ് താരം രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ഓമി വൈദ്യയുടെ പ്രതികരണം.
‘3 ഇഡിയറ്റ്സി’ലെ ‘ചതുർ രാമലിംഗം’ എന്ന തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ശൈലിയിൽ “ഹലോ ഇഡിയറ്റ്സ്…” എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഓമി വിഡിയോ ആരംഭിക്കുന്നത്.”ഞാൻ ഇത്തരം വിഡിയോകൾ അധികം ചെയ്യാറില്ല, പക്ഷേ ഇതൊരു പ്രധാനപ്പെട്ട സന്ദേശമാണ്. ഫുൻസുക് വാങ്ഡു മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഹലോ ഇഡിയറ്റ്സ്. ഇത് ‘3 ഇഡിയറ്റ്സി’ലെ ചതുറും ‘ദി ഓഫിസ്’ സീരീസിലെ സാദിഖുമായ ഓമി വൈദ്യയാണ്. എനിക്ക് നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. ദയവായി ഇതൊന്ന് ശ്രദ്ധിച്ചു കേൾക്കൂ.
‘3 ഇഡിയറ്റ്സ്’ സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുക് വാങ്ഡു എന്ന കഥാപാത്രം, യഥാർഥ ജീവിതത്തിൽ ലഡാക്കിലെ ഒരു എൻജിനീയറും ഉപജ്ഞാതാവും അധ്യാപകനും പരിഷ്കർത്താവുമായ സോനം വാങ്ചുകിനെ ആസ്പദമാക്കിയുള്ളതാണെന്ന് നിങ്ങൾക്കറിയാമോ? ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. വളരെ രസകരമായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. ജീവിതത്തിൽ അവിശ്വസനീയമായ ഒട്ടനവധി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ വളരെ വിനയമുള്ള ഒരാളാണെന്ന് തോന്നുകയും ചെയ്യും. അത് ശരിക്കും ഒരു അത്ഭുതകരമായ കാര്യമാണ്. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ തിരഞ്ഞുനോക്കണമെന്നും അദ്ദേഹം ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്നും ഞാൻ അഭ്യർഥിക്കുന്നു,” ഓമി വൈദ്യ പറയുന്നു.