കമ്പനി അല്ല, ക്ഷേത്രം! രാമക്ഷേത്രത്തിന് വേണ്ടത് രാമസേവകൻ’ -സി.ഇ.ഒ നിയമനം ചോദ്യം ചെയ്യപ്പെടുന്നു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, സി.ഇ.ഒ നിയമനത്തെ ചൊല്ലി പുതിയ വിവാദം. ക്ഷേത്ര ട്രസ്റ്റിന്റെ ഭരണ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കുന്നതിനെ പ്രമുഖ സന്യാസിമാർ എതിർത്തു. ക്ഷേത്രം ഒരു ഭരണാധികാരിയല്ല, മറിച്ച് മതപരമായ അറിവുള്ള ‘ധർമാചാര്യൻ’ അല്ലെങ്കിൽ ‘രാമസേവകൻ’ ആണ് നയിക്കേണ്ടതെന്നാണ് അവരുടെ വാദം.

ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഏതാനും ദിവസം മുമ്പാണ് സി.ഇ.ഒയെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഇതുവരെ ആയിരത്തിലധികം അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ട്. അപേക്ഷ സമർപ്പിക്കാൻ ജൂലൈ 18 വരെ അവസരമുണ്ട്. അതുകൊണ്ടുതന്നെ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഇതുവരെ ലഭിച്ച അപേക്ഷകളിൽ വിരമിച്ച നിരവധി ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രം വ്യക്തിയുടെയോ സംഘടനയുടെയോ ഉടമസ്ഥതയിലല്ലെന്ന് സന്യാസിമാർ ചൂണ്ടിക്കാട്ടുന്നു. ജഗദ്ഗുരുവെന്ന് അറിയപ്പെടുന്ന സതീഷ് ആചാര്യയാണ് സി.ഇ.ഒ നിയമനത്തിനെതിരെ ആദ്യം പ്രതികരിച്ചത്. മതത്തെക്കുറിച്ച് അറിവുള്ള സന്യാസിയാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിക്കിടെ സതീഷ് ആചാര്യ പറഞ്ഞു. ഞങ്ങൾക്ക് സി.ഇ.ഒയെ ആവശ്യമില്ലെന്നും സേവകനെയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *