പുരി ജഗന്നാഥ രഥയാത്രയിൽ തിക്കുംതിരക്കും: ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്

പുരി: ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നൂറോളം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കനത്ത തിരക്കിനിടയിൽ കഠിനമായ ശ്വസതടസ്സം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭഗവാൻ ജഗന്നാഥൻ, ഭഗവാൻ ബലഭദ്രൻ, ദേവി സുഭദ്ര എന്നിവരുടെ രഥം വലിക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടിയ ബഡാ ദണ്ഡയിലാണ് (ഗ്രാൻഡ് റോഡ്) സംഭവം നടന്നത്. നേരിയ മഴയുള്ള സമയത്താണ് ഈ അപകടം ഉണ്ടായത്. സംഭവത്തിൽ നൂറോളം ഭക്തർക്ക് പരിക്കേൽക്കുകയോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയോ ചെയ്തതായും ഇതിൽ 50-ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതും പരിഭ്രാന്തിക്കിടയിൽ ചെരിപ്പുകളും ബാഗുകളും മറ്റ് സാധനങ്ങളും ചിതറിക്കിടക്കുന്നതും കാണാം. ഇത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. തിക്കും തിരക്കും ഉണ്ടായതിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്, കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്.

സംഭവത്തിൽ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം രേഖപ്പെടുത്തുകയും ഭക്തരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ശരിയായ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *