പൊതുനിരത്തിൽ സ്ത്രീയോട് അശ്ലീലമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ ഓഫ് ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ, പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ച സംഭവം പശ്ചിമ ബംഗാളിൽ ശ്രദ്ധേയമായി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വനിതാ ഉദ്യോഗസ്ഥയുടെ ധീരമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഹൗറ ജില്ലയിലെ തിരക്കേറിയ ബിടി റോഡിലാണ് സംഭവം. സാധാരണ വസ്ത്രം ധരിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ കോൺസ്റ്റബിളിന് നേരെയാണ് യുവാവ് അശ്ലീല പ്രദർശനം നടത്തിയതും മോശം പരാമർശങ്ങൾ നടത്തിയതുമെന്നാണ് പരാതി. അവർ പൊലീസ് ഉദ്യോഗസ്ഥയാണെന്ന കാര്യം അറിയാതെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.യുവാവിന്‍റെ പെരുമാറ്റം അവഗണിച്ച് പോകുന്നതിനുപകരം പോലീസ് വനിതാ കോൺസ്റ്റബിൾ യുവാവിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ സംഭവം കൈയിൽ നിന്നും പോയെന്ന് മനസിലാക്കിയ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിത കോൺസ്റ്റബിൽ ഇതിനിടെ യുവാവിന്‍റെ ഷർട്ടിന്‍റെ കോളറിൽ പിടിത്തമിട്ടിരുന്നു. യുവാവിനെ കോളറിൽ പിടിച്ച് വലിച്ച് കൊണ്ടാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ കുറ്റാരോപിതനെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോയി. ഏകദേശം 400 മീറ്ററോളം പ്രതിയെ ഇത്തരത്തിൽ കൊണ്ടുപോയതായി റിപ്പോർട്ടുകളിൽ പറയുന്നു. ഈ അസാധാരണ രംഗം കണ്ട നിരവധി വഴിയാത്രക്കാർ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ചിലർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.