വടക്കഞ്ചേരി ∙ ദേശീയപാത 544ൽ വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേൽപാലം നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചു. തൃശൂർ ദിശയിലേക്കുള്ള 3 വരി പാതയാണ് പൂർണമായും അടച്ചത്. ബാരിക്കേഡുകൾ സ്ഥാപിച്ച് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ വലതു മേൽപാലത്തിന്റെ ഇടതുവശത്തു കൂടി കടത്തിവിടും. കഴിഞ്ഞ മേയ് 16നു പാലക്കാട് ദിശയിലേക്കുള്ള മേൽപാലം കുത്തിപ്പൊളിച്ച് നിർമാണം നടത്തിത്തുടങ്ങിയത് ഇന്നലെയാണ് അവസാനിച്ചത്. ഇതുവഴി വാഹനങ്ങൾ വിട്ടു തുടങ്ങിയപ്പോൾ മറുഭാഗത്തെ പാലം അടച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്തതോടെയാണു പാലം അടച്ചിരിക്കുന്നത്. ഇവിടെ ഇന്നു മുതൽ പൊളിച്ച് നിർമാണം ആരംഭിക്കും.
2021 ഫെബ്രുവരിയിലാണു വടക്കഞ്ചേരി മേൽപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അന്നു തുടങ്ങിയ അറ്റകുറ്റപ്പണികൾ ഇനിയും അവസാനിച്ചിട്ടില്ല. ഇതുവരെ 110 തവണയാണു പാലം പൊളിച്ച് നിർമാണം നടത്തിയത്. അറ്റകുറ്റപ്പണി പതിവാണെങ്കിലും ഇത്രയധികം ഭാഗത്ത് ഒരേസമയത്ത് കുത്തിപ്പൊളിക്കുന്നത് അശാസ്ത്രീയമായ നിർമാണം മൂലമാണെന്നു നാട്ടുകാർ ആരോപിച്ചു. അതേസമയം, പതിവ് അറ്റകുറ്റപ്പണി മാത്രമാണു നടക്കുന്നതെന്നാണു നിർമാണക്കമ്പനിയുടെ വാദം.
എന്നാൽ കുത്തിപ്പൊളിക്കൽ സെഞ്ചറി പിന്നിട്ടതോടെ മേൽപാലത്തിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലം ആവർത്തിച്ച് കുത്തിപ്പൊളിക്കുന്നതു ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നു. തകർന്ന ജോയിന്റുകളിൽ ഇരുമ്പുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റിങ് നടത്തുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. പണി പൂർത്തിയാക്കാൻ ഒന്നരമാസമെങ്കിലും വേണ്ടിവന്നേക്കും.