ഭാഷാധ്യാപകന്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ തൃശ്ശൂര്‍ കേരളവര്‍മ്മ, കുന്നംകുളം വിവേകാനന്ദ കോളേജുകളുടെ മുന്‍ പ്രിന്‍സിപ്പല്‍, കൂടാതെ ശ്രീശങ്കരാചാര്യ സംസ്‌കൃത ശാലയില്‍ മലയാളം പ്രൊഫസര്‍, സര്‍വകലാശാലയുടെ തൃശൂര്‍, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടര്‍ കേരള സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗം, കൂടാതെ 95 ഓളം പുസ്തകങ്ങളുടെ രചയിതാവ്, വിവിധ സാഹിത്യ സംഘടനകളുടെ ചെയര്‍മാന്‍ എന്നിങ്ങനെയുള്ള വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന പ്രിയപ്പെട്ട പ്രൊഫസര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷ് ഇന്നലെ രാവിലെ മരണപ്പെട്ടു. അത്യന്തം വേദനാജനകമായ വാര്‍ത്തയായിരുന്നു
മലയാളഭാഷയെ പോലെ തന്നെ സംസ്‌കൃത ഭാഷയെയും അദ്ദേഹത്തിന് വളരെയധികം വഴങ്ങിയിട്ടുണ്ടായിരുന്നു
1942 സെപ്റ്റംബര്‍ ഏഴിന് പരുത്തിപ്രയിലെ പുഷ്പഗിരിയില്‍ ജനിച്ച കാര്‍ത്തികേയന്‍ മാഷ് 1966 താംബരം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
സാധാരണക്കാരനായ ഒരു വ്യക്തി എന്നതിന് ഉപരി സാഹിത്യ സാംസ്‌കാരിക മേഖലയിലും അധ്യാപന മേഖലയിലും മറ്റു അക്കാദമിക് മേഖലയിലും വളരെയധികം ചിന്താപരവും ബുദ്ധിപരവുമായ സംഭാവനകള്‍ നല്‍കിയ ഒരു സമുന്നത വ്യക്തിയായിരുന്നു മാഷ്.
അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ താഴെ പറയുന്നവയാണ്,
1.നാട്ടുവഴക്ക വ്യംജനവിജ്ഞാന കോശം
2.അര്‍ബുദം എന്നൊരു ആശങ്ക
3.മഴവില്ലാവട്ടെ
4.വിശുദ്ധ ഖുര്‍ആന്‍ വഴങ്ങുക
5.ടോര്‍ച്ച് ഓഫ് കേരള റെനൈസന്‍സ്
6.മൈ വാണ്ടറിങ് ഇന്‍ ദി വേള്‍ഡ് ഓഫ് ബുക്‌സ്
7.എന്നിലെ ഞാന്‍ എന്നിവ.
മലയാളഭാഷയില്‍ മാത്രമല്ല ഇംഗ്ലീഷ് ഭാഷയിലും അദ്ദേഹം പുസ്തക രചന നടത്തിയിട്ടുണ്ട്. അധ്യാപകനും എഴുത്തുകാരനും സര്‍വോപരി ചിന്തകനുമായ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷ് അനുഭവിച്ച അര്‍ബുദം എന്ന രോഗത്തിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരമാണ് അര്‍ബുദം എന്നൊരു ആശങ്ക എന്ന കൃതിയില്‍, സ്വയം അനുഭവിച്ചു തീര്‍ത്ത വേദനാജനകമായ കാലങ്ങളിലൂടെ കടന്നു പോകുമ്പോഴും അല്പം ഹാസ്യത്തിന്റെ മേംപൊടിയും ഉള്‍ക്കാഴ്ചയുള്ള ഭാഷയും കൊണ്ട് സമ്പന്നമാക്കിയിട്ടുള്ളതാണ് ആ കൃതി, കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ ഉപരി അതുമായി ബന്ധപ്പെട്ട സാഹിത്യരൂപങ്ങളെയും ചലച്ചിത്രങ്ങളെയും കുറിച്ചുള്ള വൈജ്ഞാനിക നിരീക്ഷണങ്ങളും ആണ് ഈ കൃതിയെ നല്ലൊരു വായനാനുഭവം ആക്കി സഹൃദയര്‍ക്ക് മാറ്റിത്തരുന്നത്. ഏതൊരു രോഗത്തിനും മരുന്ന് എന്നതിന് ഉപരിയായി ആ രോഗം ശമിക്കാന്‍ ആയി അത്യന്താപേക്ഷിതമായി മനസ്സിന്റെ സമാധാനം ആവശ്യമാണ് അതാകട്ടെ ഈ ഗ്രന്ഥകാരന്‍ നേടിയിരിക്കുന്നത് അക്ഷരങ്ങളിലൂടെ, എഴുത്തു സഞ്ചാരങ്ങളിലൂടെ, ആഴത്തിലേക്ക് ഊര്‍ന്നിറങ്ങിയിട്ടാണ് എന്ന് മനസ്സിലാക്കാം.
ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷ് ലളിതവും സരസവുമായും അതിലുപരി ആത്മകഥാപരമായും എഴുതിയ കൃതിയാണ് എന്നിലെ ഞാന്‍ എന്നത്, ഗ്രീന്‍ ബുക്‌സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകത്തെ കുറിച്ച് പറയുകയാണെങ്കില്‍ കേവലം ഒരു നാട്ടിന്‍പുറത്തുകാരന്റെ നേര്‍മയുള്ള ഭാഷാശൈലിയും നാടോടി വിജ്ഞാനീയവും മലയാളത്തിന്റെ പുരാണവും ചരിത്രവും ഭൂമിശാസ്ത്രവും ഇതിലൂടെ വിവരിക്കപ്പെട്ടിട്ടുണ്ട് അനുഭവങ്ങളിലൂടെ മാത്രം ലഭിക്കുന്ന തത്വജ്ഞാനവും ജീവിതപാഠങ്ങളും പുസ്തകത്തില്‍ നെടുനീളെ പറയുന്നുണ്ട്, പുഴുവിന് ചിറകുമുളച്ച് പൂമ്പാറ്റയായി മാറുന്നത് പോലെയുള്ള ഒരു മനുഷ്യന്റെ പരിണാമ ചക്രമാണ് എന്നിലെ ഞാന്‍ എന്ന കൃതിയിലെ പ്രധാന പ്രമേയം.
ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷിന്റെ ഓരോ കൃതികളും ഓരോ പ്രത്യേകതകളാണ് സ്വയം അനുഭവമായി സ്പര്‍ശിക്കപ്പെട്ടിട്ടുള്ളതും നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഏതൊരു സഹൃദയനും വളരെ ലളിതമായി വായിച്ചാല്‍ മനസ്സിലാകുന്ന വിധത്തിലുള്ള ഭാഷാ പ്രയോഗ മാണ് മാഷ് എഴുത്തില്‍ തുടര്‍ന്നത്.
വ്യക്തിപരമായി ഞാന്‍ മാഷേ കുറിച്ച് പറയുകയാണെങ്കില്‍ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തേക്കാള്‍ , ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് മാഷേ കൂടുതലായിട്ട് ശ്രദ്ധിക്കാനും മാഷുടെ ക്ലാസുകളും ചര്‍ച്ചകളും കേള്‍ക്കാനും ഇടയായത്, പിന്നീട് വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയായി തീര്‍ന്നു. തൃശൂരിലെ സാഹിത്യസംഘടനകളുടെ വിവിധ പരിപാടികളില്‍ അതായത് സഹൃദയ വേദിയുടെ ചെയര്‍മാനായിരിക്കുമ്പോള്‍ അതിലെ അംഗമായിരുന്ന ഞാന്‍ ,തൃശ്ശൂരിലെ കഴിഞ്ഞ കുറച്ചു വര്‍ഷക്കാലമായി ഉള്ള പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മാഷ് നിറസാന്നിധ്യമായിരുന്നു മാത്രമല്ല തൃശൂര്‍പൂരത്തിന്റെ എക്‌സിബിഷനുമായി ബന്ധപ്പെട്ട കവിയരങ്ങുകളില്‍ മാഷോടൊപ്പം സ്വന്തം കവിത അവതരിപ്പിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം എന്റെ കവിതകേട്ട് ധാരാളം അഭിപ്രായങ്ങളും അഭിനന്ദനങ്ങളും പറയുമായിരുന്നത് ഓര്‍മ്മയില്‍ എന്നും ജ്വലിച്ചു നില്‍ക്കട്ടെ…. അപ്രകാരം വളരെയധികം സാഹിത്യപ്രവര്‍ത്തനങ്ങളിലൂടെ കഴിവു തെളിയിച്ച അധ്യാപനത്തിലൂടെ മികവാര്‍ന്ന പ്രൊഫസര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷ് ഓര്‍മ്മയായി, പക്ഷേ സാധാരണക്കാരായ സഹൃദയരായ മനുഷ്യരുടെ മനസ്സില്‍ എന്നും മായാതെ ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രമായി തെളിഞ്ഞിരിക്കും. പ്രണാമങ്ങള്‍ …

ബീന ബിനില്‍