കോഴക്കേസിൽ നിരപരാധിയെന്ന് ‘രാജ്കുമാർ‌’; രാഹുലിന്റെയും സോണിയയുടെയും പേരിലും തട്ടിപ്പ്

കോട്ടയം∙ മന്ത്രിയാക്കാനും ഉന്നത പദവികൾക്കും കോഴ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിൽനിന്നാണെന്ന വ്യാജേനയുള്ള തട്ടിപ്പിൽ നേതാക്കളോടു നിരപരാധിത്വം ബോധ്യമാക്കി പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ‌. വ്യാജ ഫോൺ കോൾ ലഭിച്ച വിദ്യാ ബാലകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരോട് രാജ്കുമാർ‌ ഫോണിൽ സംസാരിച്ചു. തനിക്കg തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് രാജ്കുമാർ നേതാക്കളോടു പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം നേതാക്കളോടു പറഞ്ഞു. പ്രിയങ്ക ഗാന്ധിയുമായി കൂടിയാലോചന നടത്തിയശേഷമാണ് രാജ്കുമാർ പൊലീസിൽ പരാതി നൽകിയത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും പ്രതികളെ ഉടൻ‌ പിടികൂടുമെന്നു പ്രതീക്ഷിക്കുന്നതായും രാജ്കുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ പേരിൽ തട്ടിപ്പ് ആദ്യമാണെങ്കിലും നെഹ്റു കുടുംബത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കിടയിലെ തട്ടിപ്പ് ഇത് ആദ്യമായല്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. രാഹുൽ ഗാന്ധിയുടെ പഴ്‌സനൽ സെക്രട്ടറി കനിഷ്ക് സിങ് ആണെന്ന വ്യാജേന രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയ അമൃത്‌സർ സ്വദേശിയായ ഗൗരവ് കുമാർ എന്നയാളെ ഡെറാഡൂൺ പൊലീസ് ഈ വർ‌ഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നതായി ഇവർ‌ ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ ആറോളം സംസ്ഥാനങ്ങളിലെ നേതാക്കൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വർഷങ്ങളായി ഇയാൾ ഈ തട്ടിപ്പ് നടത്തിവരികയായിരുന്നു. പുതിയ തട്ടിപ്പുവീരൻ ഈ കണ്ണിയിലുള്ള ആളാണോ എന്ന സംശയവും ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്കുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫ് ചമഞ്ഞായിരുന്നു ആ തട്ടിപ്പ് എന്നതും സമാന സ്വഭാവവുമാണ് നേതാക്കളുടെ സംശയത്തിനു ബലം കൂട്ടുന്നത്.

തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്തും പാർട്ടിയിൽ ഉയർന്ന പദവികൾ നൽകാമെന്ന് വിശ്വസിപ്പിച്ചുമാണ് ഗൗരവ് കുമാർ തട്ടിപ്പ് നടത്തിയത്. തന്റെ ട്രൂകോളർ പ്രൊഫൈൽ രാഹുൽ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറിയുടെ പേരിൽ വ്യാജമായി നിർമിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. 2017ൽ ജയ്പൂരിലെ രണ്ട് കോൺഗ്രസ് നേതാക്കളിൽനിന്ന് യഥാക്രമം 1.90 കോടി രൂപയും 12 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു. 2025 ൽ പട്നയിലെ ഒരു നേതാവിൽനിന്ന് 3 ലക്ഷം രൂപയും, ഉത്തരാഖണ്ഡിലെ ഒരു വനിതാ നേതാവിൽനിന്ന് 25 ലക്ഷം രൂപയും ഇതേ പേരിൽ തട്ടിയെടുത്തിട്ടുണ്ട്.

ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവിനെ രാഹുൽ ഗാന്ധിയുടെ സെക്രട്ടറി എന്ന് വ്യാജേന വിളിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമുണ്ടായിട്ടുണ്ട്. ഉത്തരാഖണ്ഡ് കോൺഗ്രസ് ഘടകത്തിനായി ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അതിലേക്കു സാമ്പത്തിക സഹായം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വ്യാജ ഫണ്ട് ശേഖരണം. ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച വാഗ്ദാനം ചെയ്ത് പ്രാദേശിക നേതാക്കളിൽനിന്നും പണം പിരിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് സമയങ്ങളിൽ സോണിയ ഗാന്ധിയുടെ വ്യാജ ഒപ്പും ലെറ്റർഹെഡും നിർമിച്ച് സ്ഥാനാർഥിത്വം ഉറപ്പിച്ചു നൽകാം എന്നു വിശ്വസിപ്പിച്ചു പ്രാദേശിക നേതാക്കളിൽനിന്ന് വൻ തുക തട്ടിയെടുക്കുന്ന സംഘങ്ങളെ പലതവണ പൊലീസ് പിടികൂടിയിട്ടുണ്ട്. സോണിയ ഗാന്ധിയുടെ പേരിൽ നടന്ന തട്ടിപ്പുകളിൽ വനിത നേതാക്കളാണ് കൂടുതലും ഇരയായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *