അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണവുമായി ഇറാന്‍, റെയില്‍വെ സ്റ്റേഷനാക്രമിച്ച് യുഎസ്


ടെഹ്റാന്‍: അമേരിക്കയുടെ സൈനികനീക്കത്തിന് തിരിച്ചടിയുമായി ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തി ഇറാന്‍. ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. നേരത്തെ അമേരിക്ക ഇറാനില്‍ ജനവാസ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഇതിന് മറുപടിയായി നടത്തിയ ആക്രമണത്തില്‍ 11 വയസുള്ള പെണ്‍കുട്ടിയ്ക്ക് ഷെല്‍ അവശിഷ്ടങ്ങള്‍ വീണ് പരിക്കേറ്റതായി വിവരമുണ്ട്.
ബഹ്റൈന് പുറമേ കുവൈറ്റിലും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ പാലങ്ങളെയും മറ്റുമാണ് അമേരിക്ക നിലവില്‍ ആക്രമണം നടത്തി തകര്‍ക്കുന്നത്. അമേരിക്കയ്ക്ക് നേരെ നടത്തിയ ആക്രമണം ഓപ്പറേഷന്‍ ലൈറ്റ്‌നിംഗ് എന്ന തങ്ങളുടെ പദ്ധതിയുടെ 11-ാം ഘട്ടമാണെന്ന് ഇറാന്‍ വ്യക്തമാക്കി. അറാഷ് ഡ്രോണുകള്‍ ഉപയോഗിച്ച് ബഹ്റൈനിലെ അമേരിക്കയുടെ സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഹെലികോപ്റ്ററുകള്‍ അമേരിക്കയുടെ യുദ്ധാവശ്യത്തിനുള്ള പി8 വിമാനങ്ങള്‍ എന്നിവയാണ് തകര്‍ത്തതെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇതിന് മറുപടിയായി ഇറാന്റെ തെക്കന്‍ മേഖലയിലെ വൈദ്യുതി നിലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ അമേരിക്ക തകര്‍ത്തു. അതേസമയം ഇറാന്റെ ആക്രമണത്തെ തങ്ങള്‍ പ്രതിരോധിച്ചെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *