ഓസ്ട്രിയ : ആദ്യം ഫുട്ബാള്‍ പിറന്നു. പിന്നെ പെലെയും മറഡോണയും വന്നു. അവര്‍ക്കു പിന്നാലെ മിശിഹ പിറവിയെടുത്തു. കളിക്കളങ്ങളെ ഗോള്‍മുഴക്കംകൊണ്ട് പ്രകമ്പനം കൊള്ളിച്ച ആ തിരുപ്പിറവിക്ക് ഇന്ന് വാര്‍ഷികം. കഴിഞ്ഞരാത്രി ഡാലസിലെ മൈതാനത്ത് ഓസ്ട്രിയന്‍ ഗോള്‍ വലയിലേക്ക് ഒരു 19കാരന്റെ മെയ്വഴക്കത്തോടെ രണ്ട് ഗോളുകള്‍ വര്‍ഷിച്ച് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി മാറിയ താരത്തിന് ഇന്ന് 39-ാം ജന്മദിനം.
രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ലയണല്‍ മെസിക്കുമുന്നില്‍ തലകുനിക്കാത്ത കൊടുമുടികളില്ല. ആറ് എഡിഷനുകളിലായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ചതാരം. 2022ലെ ലോകകപ്പ് കിരീടചുംബനം. 18 ലോകകപ്പ് ഗോളുകള്‍. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരവിജയങ്ങള്‍. ലോകകപ്പിലെ ഗോള്‍ഡന്‍ബാള്‍ പുരസ്‌കാരം, എട്ട് ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍, കളിച്ച ലീഗുകളിലെല്ലാം ചാമ്പ്യന്‍,രാജ്യത്തിനും ക്‌ളബുകള്‍ക്കുമായി 46 കിരീടനേട്ടങ്ങള്‍… നൂറിലേറെ റെക്കാഡുകള്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്ത് മെസി പ്രയാണം തുടരുകയാണ്.
ഒരുപക്ഷേ ഇത് മെസിയുടെ അവസാന ലോകകപ്പായേക്കാം. എന്നാല്‍ ഇപ്പോഴും മറ്റേതൊരു ഫുട്ബാളറെയും വെല്ലുന്ന വേഗവും ഡ്രിബിളിംഗ് സ്‌കില്ലും കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ് മെസി. ഈ ലോകകപ്പില്‍ അര്‍ജന്റീന ഇതുവരെനേടിയ അഞ്ചുഗോളുകളും മെസിയുടെ പേരിലാണ്. ഈ ലോകകപ്പും കൂടി ആ കരങ്ങളാല്‍ ഉയര്‍ത്തപ്പെടണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഫുട്ബാളിനായി പിറന്ന മിശിഹായുടെ ഇനിയുള്ള പിറന്നാളുകളും ഗോളുകള്‍കൊണ്ട് അനുഗ്രഹീതമാകട്ടെ…