പ്രിയദർശിനി കാരണം കെഎസ്ആർടിസിക്ക് മറ്റൊരു നേട്ടം: യാത്രക്കാരുടെ എണ്ണം കൂടി, പുതിയ റൂട്ടുകളിൽ സാദ്ധ്യത

കോട്ടയം: സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോൾ ജില്ലയിൽ ലഭിച്ചത് മികച്ച സ്വീകാര്യത. വിദ്യാർത്ഥിനികൾ, തൊഴിലാളികൾ, സാധാരണ വനിതാ യാത്രക്കാർ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. അവർ ഒന്നടങ്കം പദ്ധതിയെ പ്രശംസിക്കുന്നു. ഇതിനിടെ പദ്ധതിയിൽ കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യവും ശക്തമാണ്. പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും മെച്ചപ്പെട്ടതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.

 

പുതിയ റൂട്ടുകളിൽ സാദ്ധ്യത

പ്രിയദർശിനി പദ്ധതി ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ചെറിയ തോതിൽ വരുമാനക്കുറവുണ്ടായെങ്കിലും ഡിപ്പോയുടെ ആകെ പ്രവർത്തനത്തെ അത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ ബസുകളും ജീവനക്കാരും ലഭിച്ചാൽ പുതിയ റൂട്ടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ ആലോചന.

22 ബസുകൾ

കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നിലവിൽ 22 ബസുകളാണ് പ്രിയദർശിനി പദ്ധതിയിൽ സർവീസ് നടത്തുന്നത്.

സ്വകാര്യബസുകൾ കടുത്ത പ്രതിസന്ധിയിൽ

പ്രിയദർശിനി പദ്ധതി സ്വകാര്യബസ് മേഖലയ്ക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വനിതാ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വരുമാനം ഗണ്യമായി ഇടിഞ്ഞതായി ബസ് ഉടമകളും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ ചില ബസുകൾ ഓട്ടം നിർത്തുകയോ ചെയ്യേണ്ടി വരുമെന്ന ആശങ്കയും പങ്കുവെയ്ക്കുന്നു. ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യമാണെന്ന് ബസുടമകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *