കൊച്ചി: എൻജിൻ ഓയിൽ ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി. കഴിഞ്ഞ ഓഗ്സ്റ്റ് 31നാണ് സംഭവം നടന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ബോയിംഗ് 737 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
ഇത്തരത്തിൽ ആശങ്കാജനകമായ സംഭവം ഉണ്ടായപ്പോൾ വിമാനം ഉടൻ തിരിച്ചിറക്കുക എന്ന പ്രോട്ടോക്കോളാണ് പാലിച്ചെതന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ അധികൃതർ വ്യക്തമാക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞ് വിമാനം 36,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഒന്നാമത്തെ എൻജിനിലെ ഓയിലിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഓയിൽ പ്രഷർ അപകടകരമായ അളവിലേക്ക് താഴ്ന്നതോടെ ഒന്നാമത്തെ എൻജിന്റെ പ്രവർത്തനം പൈലറ്റുമാർ നിർത്തി. തുടർന്ന് സുരക്ഷ മുൻനിർത്തി അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിക്കാനും കൊച്ചിയിലേക്ക് തന്നെ മടങ്ങാനും ക്രൂ തീരുമാനിക്കുകയായിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് അയച്ചതായി വിമാനക്കമ്പനി അറിയിച്ചു.
എൻജിൻ ഓയിൽ കുറയുന്നതായി കണ്ടെത്തുമ്പോൾ വിമാനം ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ തന്നെയായിരുന്നു. അതുകൊണ്ടാണ് യാത്ര ഉപേക്ഷിച്ച് തിരികെ ലാൻഡ് ചെയ്യുകയെന്ന മാർഗം സ്വീകരിച്ചത്. മറ്റൊരു രാജ്യത്താണ് ലാൻഡ് ചെയ്തിരുന്നതെങ്കിൽ തകരാർ പരിഹരിക്കുന്നതിനായുള്ള സംവിധാനങ്ങൾ അവിടേക്ക് എത്തിക്കേണ്ടിവരുമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ഇത് ഓഗസ്റ്റ് അവസാന ആഴ്ചയിലുണ്ടായ സംഭവമാണെന്നും പുതിയ സംഭവവികാസങ്ങളല്ലെന്നും സിയാൽ അറിയിച്ചു. വിമാനത്താവളങ്ങളുടെ ഓപ്പറേറ്റർ എന്ന നിലയിൽ സാങ്കേതിക കാരണങ്ങളെക്കുറിച്ച് ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അധികൃതർ പറഞ്ഞു.
എൻജിൻ ഓയിൽ പെട്ടെന്ന് കുറഞ്ഞു, എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ തിരിച്ചിറക്കി; അടിയന്തര ലാൻഡിംഗ് 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ