തിരുവനന്തപുരം ∙ വിഎസിന്റെ ഓർമക്കുറിപ്പ് അടങ്ങിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തത് വിവാദമായി. വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണത്തിനു അയക്കേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നില്ലെന്ന് മുൻപേജിൽ ദേശാഭിമാനി അറിയിപ്പും നൽകി. വിഎസിന്റെ ഒന്നാം ചരമ വാർഷികത്തിനു മുൻപുള്ള അവസാന ഞായറാഴ്ച ദിവസമായ ഇന്ന് കവർ സ്റ്റോറി ആയിട്ടാണ് റിപ്പോർട്ട് തയാറാക്കിയിരുന്നത്.
വിഎസിന്റെ സമര ജീവിതം ആലേഖനം ചെയ്തിട്ടുള്ളതായിന്നു റിപ്പോർട്ട്. വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെ.വി. സുധാകരനാണ് ഇത് തയാറാക്കിയത്. അതേസമയം, ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടകത്തെപ്പറ്റിയുള്ള ലേഖനം ഉൾപ്പെട്ടതാണ് അവസാന നിമിഷം വാരാന്തപതിപ്പ് പിൻവലിച്ചതിനു പിന്നിലെ കാരണമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ആവശ്യപ്രകാരം ഫോട്ടോയും വിവരവും നൽകിയെന്നും നാടക പ്രവർത്തകനായ വിജയൻ പറഞ്ഞു. ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് ദേശാഭിമാനിക്കാർ അറിയിച്ചിരുന്നത്. എന്നാൽ കൊടുക്കാനായില്ലെന്ന് പിന്നീട് അവർ അറിയിച്ചെന്നും വിജയൻ പറഞ്ഞു.
യന്ത്രത്തകരാർ കാരണം വരാന്തപതിപ്പിന്റെ അച്ചടി പൂർത്തിയായില്ലെന്നും പ്രചരിക്കുന്നതെല്ലാം വസ്തുതാവിരുദ്ധമായ വാർത്തകളാണെന്നും എം. സ്വരാജ് പറഞ്ഞു. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സിൽ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റിൽ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്. അതുകൊണ്ട് സമയബന്ധിതമായി അച്ചടി പൂർത്തിയാക്കാനും മറ്റും തടസ്സം നേരിട്ടു. അതുകൊണ്ടാണ് ഞായറാഴ്ചത്തെ വരാന്തപ്പതിപ്പ് തിങ്കളാഴ്ച വിതരണം ചെയ്യാമെന്ന് തീരുമാനിച്ചത്. ഇതാണ് പത്രത്തിൽ ഇന്ന് എഡിറ്റോറിയൽ ടീം നൽകിയ സാങ്കേതിക പ്രശ്‌നം എന്ന അറിയിപ്പ്. വിഎസ് അനുസ്മരണമുള്ള വാരാന്ത്യപതിപ്പ് ഒഴിവാക്കിയതെന്ന് വാർത്ത അടിസ്ഥാന രഹിതമാണ്. ഇരുപത്തിയൊന്നാം തീയതി വിഎസിന്റെ അനുസ്മരണ സംബന്ധിയായ പ്രത്യേക പേജുണ്ടാവും. നാല് പേജുള്ള ഞായറാഴ്ച പതിപ്പിന്റെ ആദ്യ പേജിലാണ് വി.എസിനെ കുറിച്ചുള്ള അനുസ്മരണമുള്ളത്. അവസാന പേജിലും അതുതന്നെയാണ്. അതല്ലാതെ പ്രചരിക്കുന്നതെല്ലാം തെറ്റാണ്. വി.എസിനെ ഇതിലേക്ക് വലിച്ചിഴച്ചത് അനുചിതമാണ്. കള്ളൻ വിജയൻ എന്നൊരു ലേഖനമോ വാർത്തയോ വാരാന്ത്യ പതിപ്പിൽ ഇല്ല. ഇതൊക്കെ ഊഹാപോഹം മാത്രമാണെന്നും സ്വരാജ് പറഞ്ഞു.