ന്യൂജഴ്സി ∙ എക്‌സ്ട്രാ ടൈമിലെ ഗോളിൽ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാംപ്യന്മാർ. 106 ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തു നിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. സ്കോർ (1–0). മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. അതേസമയം, മത്സരത്തിന്റെ 117 ാം മിനിറ്റിലാണ് അർജന്റീന ആദ്യ ഗോൾശ്രമം നടത്തിയത്. മത്സരത്തിൽ ആകെ രണ്ടു ഗോൾശ്രമങ്ങൾ മാത്രമാണ് അർജന്റീന നടത്തിയത്. സ്പെയിൻ ഗോൾ നേടിയ ശേഷമാണ് ഈ രണ്ടു ശ്രമങ്ങളുമുണ്ടായത്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി
സ്പാനിഷ് പടയുടെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. അഞ്ചാം മിനിറ്റിൽ പന്തുമായി ബോക്സിലേക്കു കുതിച്ചെത്തിയ സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിന്റെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് തടുത്തു. പിന്നാലെ സ്പാനിഷ് പാതിയിലേക്ക് അർജന്റീനിയൻ പ്രത്യാക്രമണം. കുതിച്ചെത്തിയ മെസ്സിയുടെ നീക്കത്തിനിടെ ബോക്സിനു പുറത്തേക്ക് പന്ത് തട്ടിയകറ്റി കീപ്പർ ഉനായ് സിമോൻ അപകടം ഒഴിവാക്കി. 14 ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് താരം ദാനി ഓൽമോയ്‌ക്കെതിരെ അർജന്റീന താരം അലക്സിസ് മാക് അലിസ്റ്ററുടെ ഫൗൾ. ചികിത്സ തേടിയ ശേഷം ഓൽമോ കളി തുടർന്നു. 33–ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററിനെ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കിൽനിന്നുള്ള അർജന്റീനയുടെ നീക്കം സ്പാനിഷ് താരങ്ങള്‍ പരാജയപ്പെടുത്തി. പിന്നാലെ 39 ാം മിനിറ്റിൽ അർജന്റീന ബോക്സിനു മുന്നിൽനിന്ന് പന്തു ലഭിച്ച ഒയർസബാൽ പോസ്റ്റിന്റെ മധ്യ ഭാഗത്തേക്ക് നിന്ന് തൊടുത്ത ഷോട്ട് അർജന്റീന ഗോൾ കീപ്പർ മാർട്ടിനസ് ഡൈവ് ചെയ്ത് കയ്യിലൊതുക്കി.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ അർജന്റീനിയൻ പോസ്റ്റിലേക്ക് കുതിച്ചെത്തി സ്പെയിനിന്റെ അലക്സ് ബെന തൊടുത്ത ഷോട്ട് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. 51 ാം മിനിറ്റിൽ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ഫൗൾ ചെയ്തതിനെ തുടർന്ന് സ്പെയിൻ, അർജന്റീന താരങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം ഉന്തുംതള്ളിലും കലാശിച്ചതിനു പിന്നാലെ ലിയാൻഡ്രോ പെരേഡസിന് മഞ്ഞ കാർഡ് ലഭിച്ചു. പിന്നാലെ സ്പാനിഷ് താരം പെഡ്രോ പോറോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ ലമീൻ യമാലിന്റെ ഷോട്ട് അർജന്റീന പ്രതിരോധം തട്ടിയകറ്റി. 66 ാം മിനിറ്റിൽ പന്തുമായി അർജന്റീന ബോക്സിലേക്ക് ഇരച്ചു കയറിയ ലമീൻ യമാൽ, പ്രതിരോധ താരങ്ങളെ വെട്ടിച്ച് നൽകിയ ഗംഭീര ക്രോസ് ടോറസ് ഗോൾവല ലക്ഷ്യമാക്കി ഹെഡ് ചെയ്തെങ്കിലും എമിലിയാനോ മാർട്ടിനസ് കൈപ്പിടിയിലാക്കി.