ആവേശം, ആഘോഷം

കൊച്ചി

48 ടീമുകൾ, 104 മത്സരങ്ങൾ, തുടക്കത്തിലേ കാലിടറിയ വന്പന്മാർ, വിസ്മയിപ്പിച്ച കന്നിക്കാർ, കൈയടിപ്പിച്ച താരങ്ങൾ… ലോകം ഒരു കാൽപ്പന്തിലേക്ക്‌ ചുരുങ്ങിയ ദിനരാത്രങ്ങളാണ്‌ കഴിഞ്ഞുപോയത്‌.

രാത്രിയെ പകലാക്കിയും ഇരുട്ടിനെ പ്രകാശമാക്കിയും നാടൊന്നാകെ നെഞ്ചേറ്റിയ തുകൽപന്താട്ടത്തിന്‌ ആവേശകരമായ അന്ത്യം. ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിന്‌ പന്തുരുണ്ടത്‌ ന്യൂജേഴ്‌സിയിലെങ്കിലും കൊച്ചിയിലും ആവേശത്തിന്‌ ഒട്ടും കുറവുണ്ടായില്ല. ഞായറാഴ്ച ആഘോഷ– ആഹ്ലാദ പരിപാടികളും വാഹനറാലികളുമായി ഇരുടീമിന്റെ ആരാധകരും രാവിലെതന്നെ നിരത്തിലിറങ്ങി. അർജന്റീനയുടെ വെള്ളയും നീലയും കലർന്ന കുപ്പായമിട്ടും സ്‌പെയിനിന്റെ ചുവന്ന കുപ്പായമണിഞ്ഞും ഗ്രാമ–നഗരവീഥികൾ കീഴടക്കിയ ചെറുസംഘങ്ങൾ വാശിയേറിയ പോരാട്ടത്തിന്റെ വരവറിയിച്ചു.

മാളുകൾ, കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയം, വിവിധ ക്ലബ്ബുകൾ, വായനശാലകൾ, കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വലിയ സ്‌ക്രീനുകളിൽ മത്സരത്തിന്റെ പ്രദർശനം ഉണ്ടായിരുന്നു. ഓരോ കേന്ദ്രത്തിലും നൂറുകണക്കിന്‌ ആരാധകരാണ്‌ ഇരുടീമിനും പിന്തുണയുമായി എത്തിയത്‌. മത്സരശേഷം നടന്ന വിജയാഘോഷങ്ങളിലും ആവേശം അലയടിച്ചു. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ നഗരത്തിൽ പൊലീസ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ അധിക പൊലീസ് ഉദ്യോഗസ്ഥരെയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ വനിതാ പൊലീസിനെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *