ഇന്ത്യയില്‍ ഓരോ ദിവസവും ശരാശരി രണ്ട് ഭര്‍ത്താക്കന്മാര്‍ വീതം കൊല്ലപ്പെടുകയും ഒരാള്‍ വീതം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഗുഡുഗാവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏകം ന്യായ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയാണ് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇത് പ്രകാരം ഈ വര്‍ഷം ജൂലൈ 14 വരെ ഇന്ത്യയിലെമ്പാടും വിവിധ സംസ്ഥാനങ്ങളിലായി 554 ഭര്‍ത്താക്കന്മാരാണ് കൊല ചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്‌തത്. ഇതില്‍ 322 എണ്ണം കൊലപാതകങ്ങളും 232 എണ്ണം ആത്മഹത്യയുമാണ്.
ഭാര്യമാരും അവരുടെ പ്രണയ പങ്കാളികളുമാണ് പലപ്പോഴും ഈ കൊലകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. വിവാഹേതര ബന്ധങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം, ഉപദ്രവം, കള്ള കേസുകള്‍, വിവാഹജീവിതത്തിലെ തര്‍ക്കങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാണ് ഭര്‍ത്താക്കന്മാരെ മരണത്തിലേക്ക് തള്ളി വിടുന്നത്.
ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 72.8 ശതമാനവും പുരുഷന്മാരാണെന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകളും ഇതിനോട് ചേര്‍ത്ത് വായിക്കാം. മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഫൗണ്ടേഷന്‍ പുതിയ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. ഗവണ്‍മെന്റിന്റെ ഔദ്യോഗിക രേഖകള്‍ ഈ റിപ്പോര്‍ട്ടിന് അടിസ്ഥാനമല്ല. അതായത്, പുറത്തറിയുന്നതും വാര്‍ത്തയാകുന്നതുമായ കേസുകള്‍ മാത്രമാണ് ഇത്രത്തോളം വരുന്നതെന്ന് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താക്കന്മാരുടെ മരണങ്ങളും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന പുരുഷന്മാരും പലപ്പോഴും ഇന്ത്യയില്‍ വാര്‍ത്താ പ്രാധാന്യം നേടാറില്ല. ഗവണ്‍മെന്റിനും ഇത്തരം കേസുകള്‍ രേഖപ്പെടുത്തുന്നതിന് ദേശീയ തലത്തിലൊരു ഡേറ്റാ ബേസ് നിലവിലില്ല. ഇതുകൊണ്ട് പുറത്ത് വന്നതിലും എത്രയോ മടങ്ങായിരിക്കണം യഥാര്‍ത്ഥ ചിത്രമെന്നും ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
ഭര്‍ത്താക്കന്മാരുടെ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള പ്രാഥമിക കാരണം വിവാഹേതര ബന്ധമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 322 കൊലപാതകങ്ങളില്‍ 194 എണ്ണത്തിനും കാരണം ഭാര്യമാരുടെ അവിഹിത ബന്ധമാണ്. വിഷം കൊടുത്തും, ജീവനോടെ കത്തിച്ചും, ഷോക്കടിപ്പിച്ചും, ശ്വാസംമുട്ടിച്ചും, അപകടമരണമെന്ന രീതിയില്‍ വണ്ടിയിടിപ്പിച്ചുമൊക്കെയാണ് ഈ കൊലകളില്‍ പലതും ചെയ്‌തിട്ടുള്ളത്. 88 കൊലപാതകങ്ങള്‍ ഗാര്‍ഹിക തര്‍ക്കങ്ങളെ തുടര്‍ന്ന് ഉണ്ടായവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.ഭര്‍ത്താക്കന്മാരുടെ 232 ആത്മഹത്യകളില്‍ 104ഉം ദീര്‍ഘകാലമായുള്ള ദാമ്പത്യ തര്‍ക്കങ്ങള്‍ മൂലം സംഭവിച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 57 കേസുകള്‍ ഭാര്യമാരോ അവരുടെ വീട്ടുകാരോ നടത്തിയ ആരോപണങ്ങളുടെ പേരിലും 29 കേസുകള്‍ വിവാഹേതര ബന്ധങ്ങളുമായും ബന്ധപ്പെട്ടതുമാണ്. കള്ളക്കേസ്, കാമുകിമാരുടെയോ അവരുടെ കുടുംബങ്ങളുടെയോ ഭീഷണി തുടങ്ങിയ കാരണങ്ങളാണ് ശേഷിക്കുന്ന ആത്മഹത്യകള്‍ക്ക് പിന്നില്‍.ഉത്തര്‍പ്രദേശാണ് ഭര്‍ത്താക്കന്മാരുടെ കൊലപാതകങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, മഹാരാഷ്ട്ര, ഹരിയാന, ബീഹാര്‍, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഉയര്‍ന്ന നിരക്കിലുള്ള കേസുകള്‍ ഭര്‍ത്താക്കന്മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്‌തു.
പുരുഷന്മാരുടെ മാനസികാരോഗ്യം
പുരുഷന്മാരുടെ മാനസികാരോഗ്യത്തെ പറ്റി കൂടുതല്‍ ഗൗരവമായ ചര്‍ച്ചകളും ഇടപെടലുകളും ആവശ്യമാണെന്ന് പുതിയ റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു. വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നത് പലപ്പോഴും ദൗര്‍ബല്യമായി കരുതുന്നവരാണ് നല്ലൊരു ശതമാനം പുരുഷന്മാരും. ഇത് ദുഖങ്ങളും പ്രശ്‌നങ്ങളും ഉള്ളിലൊതുക്കി അവസാനം വലിയൊരു പൊട്ടിത്തെറിയിലേക്കോ ആത്മഹത്യ പോലുള്ള കാര്യങ്ങളിലേക്കോ നയിക്കുന്നു.വേണം കരുതല്‍
തങ്ങളുടെ മാനസിക പ്രയാസങ്ങളും ഭയങ്ങളും ദുഖങ്ങളുമൊക്കെ പങ്ക് വയ്‌ക്കാനുള്ള സുരക്ഷിത ഇടങ്ങള്‍ പുരുഷന്മാര്‍ക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമായി മാറേണ്ടതുണ്ട്. സഹായം ആവശ്യപ്പെടുന്നത് ദൗര്‍ബല്യമല്ലെന്ന് പുരുഷന്മാരും തിരിച്ചറിയണം. ഇന്നത്തെ കാലത്ത് ശാരീരിക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത് പോലെ തന്നെ മാനസിക പ്രശ്‌നങ്ങള്‍ക്കും കൗണ്‍സിലിങ് പോലുള്ള ചികിത്സ തേടാന്‍ മടി കാണിക്കേണ്ടതില്ല.