മൾട്ടി ടെറൈൻ റോബോട്ട് വികസിപ്പിച്ച കൊല്ലം സ്വദേശിക്ക് ഇന്ത്യൻ പേറ്റന്റ്

മൾട്ടി ടെറൈൻ റോബോട്ട് വികസിപ്പിച്ച കൊല്ലം സ്വദേശി ഡോ. ആർ.എസ്. ആദർശിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ആകാശത്തുകൂടി പറക്കാനും കരയിലൂടെ നടക്കാനും വെള്ളത്തിലൂടെ നീന്താനും ജലത്തിനടിയിലൂടെ സഞ്ചരിക്കാനും കഴിയുന്ന ഈ റോബോട്ട് വിവിധ മേഖലകളിൽ ഉപയോഗിക്കാവുന്ന സവിശേഷ സാങ്കേതികവിദ്യയാണ്.

മൾട്ടി ടെറൈൻ റോബോട്ട് യുദ്ധമുഖങ്ങളിലെ നിരീക്ഷണ ദൗത്യങ്ങൾക്ക് അനുയോജ്യമാണ്. രണ്ട് കിലോഗ്രാം വരെ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ഇതിന് കഴിയും. കൂടാതെ, സമുദ്ര ഗവേഷണം, ദുരന്തനിവാരണം, രക്ഷാപ്രവർത്തനം എന്നിവയ്ക്കും ഈ റോബോട്ട് പ്രയോജനപ്പെടുത്താനാകും.

മനുഷ്യർക്ക് പ്രവേശിക്കാൻ പ്രയാസമുള്ള പ്രകൃതി ദുരന്ത മേഖലകളിൽ തെരച്ചിൽ നടത്തുന്നതിനും റോബോട്ട് സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.2019-ലാണ് ഡോ. ആദർശ് ഈ റോബോട്ട് വികസിപ്പിച്ചത്. നിലവിൽ, യുദ്ധമുഖങ്ങളിൽ കൂടുതൽ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന പുതിയ പതിപ്പ് വികസിപ്പിക്കുന്ന ഗവേഷണത്തിലാണ് അദ്ദേഹം.കൊല്ലം ആസ്ഥാനമായുള്ള ടോബോയിഡ്സ് ഓട്ടോമാറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമാണ് ഡോ. ആദർശ്. 2017 മുതൽ റോബോട്ടിക്സ് ഗവേഷണ-വികസന രംഗത്ത് അദ്ദേഹം സജീവമാണ്.ജോധ്പൂർ ഐഐടിയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എം.ടെക് നേടിയ ഡോ. ആദർശ് എം.സി.എയും എ.ബി.എയും ബിരുദധാരിയാണ്. പ്രതിരോധ സാങ്കേതികവിദ്യയിലെ സംഭാവനകൾക്ക് എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ‘ഡെയർ ടു ഡ്രീം’ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *