കാഠ്മണ്ഡു: നേപ്പാളിൽ പ്രളയമുണ്ടായതിന് 11-ാം നാൾ ചന്ദ്രിക ശ്രേഷ്ഠ എന്ന 64കാരിയെ രക്ഷാസംഘം ജീവനോടെ കണ്ടെത്തിയത് അദ്ഭുതകരമായാണ്. നുവാകോട്ടിലെ ബേത്രാവതിയിൽ ഭോട്ടെകോഷി നദീ തീരത്ത് നേപ്പാൾ പൊലീസിന്റെ 9 അംഗ ടീം അവശിഷ്ടങ്ങൾ നീക്കുന്നതിനിടെ ചന്ദ്രികയുടെ നേർത്ത കരച്ചിൽ കേൾക്കുകയായിരുന്നു. ചെളിയിൽ മുങ്ങിപ്പോയ ഈ മേഖലയിൽ പ്രദേശവാസികൾ ആരുമുണ്ടായിരുന്നില്ല. ചന്ദ്രികയുടെ കുടുംബമാകട്ടെ, അവർ മരിച്ചെന്ന് കരുതി സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളുമായി മറ്റൊരു ഇടത്തുമായിരുന്നു. അതിനാൽ ചന്ദ്രിക ഇവിടെ കുടുങ്ങിയെന്നുള്ള വിവരം പൊലീസിന് ധാരണയുണ്ടായിരുന്നില്ല. കരച്ചിൽ കേട്ടതെവിടെയെന്ന് കണ്ടെത്താൻ പൊലീസ് നായകളെ രക്ഷാസംഘം ഉപയോഗിച്ചു. അവശിഷ്ടങ്ങൾക്കിടെയിലെ മനുഷ്യ സാന്നിദ്ധ്യം പൊലീസ് നായകൾ തിരിച്ചറിഞ്ഞു. ശബ്ദത്തിന്റെ ഉറവിടവും മനസിലാക്കി. ഇതോടെ മേഖലയിൽ ഹെവി മെഷീനുകളുടെ പ്രവർത്തനം നിറുത്തി. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളും ചെളിയും കൈകൊണ്ട് നീക്കി നാലാം നിലയിലേക്ക് കടന്ന് ചന്ദ്രികയെ സാഹസികമായി പുറത്തെത്തിക്കുകയായിരുന്നു.
# ചൈനീസ് പൗരനും ജീവിതത്തിലേക്ക്
ടണലിൽ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ കൂടി രക്ഷിച്ചു. റസുവ ജില്ലയിൽ അപ്പർ ത്രിശൂലി – 1 ജലവൈദ്യുത നിലയത്തിന്റെ ടണലിൽ 225 മീറ്റർ ഉള്ളിൽ അകപ്പെട്ട ചൈനീസ് പൗരൻ ലൂ ഹൈതാവോയെയാണ് പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തകരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ലൂ ഉറക്കെ ശബ്ദമുണ്ടാക്കി. ഭക്ഷണവും വെള്ളവുമില്ലാതെ ചെളിയിൽ കുടുങ്ങിക്കിടന്ന ലൂവിന്റെ നില തൃപ്തികരമാണ്. നിലവിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലാണ്. വെള്ളിയാഴ്ച രണ്ട് തൊഴിലാളികളെ മറ്റൊരു ടണലിൽ നിന്ന് രക്ഷിച്ചിരുന്നു. ഏകദേശം 900 തൊഴിലാളികളാണ് ജലവൈദ്യുത പദ്ധതി ടണലുകളിൽ കുടുങ്ങിയത്.