മൈസൂരു: ഹുൻസൂരിലെ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.
ഹരീഷ് (39), ഭാര്യ നിശ്ചിത (37), മക്കളായ നക്ഷ (14), രക്ഷ (എട്ട്) എന്നിവരാണ് മരിച്ചത്. രത്നപുരി സത്യപ്പയുടെ മകനായ ഹരീഷ് നാദപ്രഭു കെമ്പെഗൗഡ യുവ പാഡെയുടെ ഡയറക്ടറായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ വാഹന വീണ്ടെടുക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. ഹരീഷ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.
സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് മാതാവിനെ അവരുടെ വീട്ടിലേക്ക് അയച്ചിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഹരീഷിന് വ്യക്തിപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ വർധിച്ചുവരുന്നുണ്ടെന്ന് പറയുന്നതായി പൊലീസ് അറിയിച്ചു. കുടുംബത്തിന്റെ ഏക വീട് പണയപ്പെടുത്തിയിരിക്കുകയാണെന്നും കനത്ത സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പരാമർശിക്കുന്നു.